തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കേരള തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദപാത്തിയുടെ ഫലമായാണിത്. വടക്കൻ ജില്ലകളിൽ മഴ കനക്കും. അതേസമയം തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.
കാലാവസ്ഥാ വകുപ്പ് ഇന്ന് 8 ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്‌ക്കും തമിഴ്‍നാടിനും മുകളിലായി 3 കിലോ മീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
മറ്റന്നാൾ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് ആയിരിക്കും. മറ്റന്നാൾ 11 ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് ഈ ദിവസങ്ങളിൽ സാധ്യതയുണ്ട്. മഴ ശക്തമാകുന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ മുന്നിൽകണ്ട് ജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അറിയിപ്പുണ്ട്.















