കൊച്ചി: മോഹൻലാൽ ഭാരതീയ പൈതൃകത്തിന്റെ നിലയ്‌ക്കാത്ത സ്രോതസാണെന്ന പ്രശംസയുമായി ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള. നെടുമ്പാശേരി വിമാനത്താവളത്തിലെ ലോഞ്ചിൽ വച്ച് മോഹൻലാലിനെ കാണാൻ സാധിച്ചുവെന്നും, വിവിധ വിഷയങ്ങളിൽ അദ്ദേഹവുമായി വിവിധ വിഷയങ്ങളിൽ സംസാരിക്കാൻ സാധിച്ചതായും ശ്രീധരൻപിള്ള സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
സൂര്യന് കീഴെയുള്ള ഏത് വിഷയത്തെക്കുറിച്ചും സ്വതന്ത്രവും സ്വത: സിദ്ധവുമായ അഭിപ്രായവും അറിവും മോഹൻലാലിന് ഉണ്ടെന്നും ശ്രീധരൻപിള്ള പ്രശംസിക്കുന്നു. ബോൺസായ് ചെടികളെക്കുറിച്ചുള്ള തന്റെ 200ാമത് പുസ്തകം മോഹൻലാലിന് സമ്മാനിച്ചതായും ശ്രീധരൻപിള്ള വ്യക്തമാക്കി. മോഹൻലാലിനൊപ്പം ലോഞ്ചിൽ സമയം ചെലവിടുന്നതിന്റെയും, പുസ്തകം കൈമാറുന്നതിന്റേയും ചിത്രങ്ങളും ശ്രീധരൻപിള്ള സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
പി.എസ് ശ്രീധരൻപിള്ളയുടെ കുറിപ്പിന്റെ പൂർണ്ണരൂപം,
ഇന്നലെ, ആഗസ്ത് 11ന്, നെടുമ്പാശ്ശേരി
എയർപോർട്ടിലെ ലോഞ്ചിൽ വെച്ച് മഹാനടൻ ശ്രീ മോഹൻലാലുമായി ഏറെ നേരം സംസാരിച്ചു. ഞാൻ ചെന്നെയ്‌ക്ക് പോകാനിരിക്കെ, ഞാനുണ്ടെന്നറിഞ്ഞ് അദ്ദേഹം നേരത്തെ അവിടെയ്‌ക്ക് വന്നതായിരുന്നു. ആത്മീയം, സാഹിത്യം, പാരിസ്ഥിതികം, ബോൺസായ് ചെടികൾ അങ്ങിനെ പല വിഷയങ്ങളും ഞങ്ങളുടെ ചർച്ചയ്‌ക്ക് വിധേയമായി. ലോകം അംഗീകരിക്കുന്ന കലാകാരൻ മാത്രമല്ല, സൂര്യന് കീഴെയുള്ള ഏത് വിഷയത്തെക്കുറിച്ചും സ്വതന്ത്രവും സ്വത: സിദ്ധവുമായ അഭിപ്രായവും അറിവും അദ്ദേഹത്തിനുണ്ടെന്ന് പല സന്ദർഭങ്ങളിലും എനിക്ക് തോന്നിയിട്ടുണ്ട്. ബോൺസായ് ചെടികളെക്കുറിച്ചുള്ള എന്റെ 200-മത് പുസ്തകമായ വാമന വൃക്ഷകല എന്ന പുസ്തകം ഞാൻ അദ്ദേഹത്തിന് സമ്മാനിച്ചു. പിന്നീട്, ഞങ്ങൾ ഒരേ ഫ്‌ലെറ്റിലാണ് ചെന്നൈയ്‌ക്ക് പോയത്. സ്ഥിതപ്രജ്ഞനും ഭാരതീയ പൈതൃകത്തിന്റെ നിലയ്‌ക്കാത്ത സ്രോതസ്സുമായി ശ്രീ മോഹൻലാലിനെ ഞാൻ കാണുന്നു.