ന്യൂഡൽഹി : ബിരുദദാന ചടങ്ങിനിടെ പലസ്തീൻ പതാകയുടെ ബാഡ്ജുകൾ ധരിച്ച് അസിം പ്രേംജി സർവകലാശാലയിലെ വിദ്യാർത്ഥികൾ . 80 ഓളം വിദ്യാർഥികളാണ് ഇത്തരം ബാഡ്ജ് ധരിച്ചെത്തിയത് . അസിം പ്രേംജി യുടെ കമ്പനിയായ വിപ്രോ ടെൽ അവീവ് സർവകലാശാലയുമായും ഇസ്രയേലി കമ്പനികളുമായുമുള്ള ബന്ധം വിച്ഛേദിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. അശോക സർവ്വകലാശാലയ്‌ക്കും ഐഐടി മദ്രാസിനും ശേഷം അസിം പ്രേജി സർവകലാശാലയും ഇസ്രായേൽ വിരുദ്ധ കുപ്രചരണങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
“ഇസ്രായേലിന് ധനസഹായം നൽകുന്നത് നിർത്താൻ ഇസ്രായേൽ ബഹുരാഷ്‌ട്ര കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കമ്പനി പിന്മാറണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു.” പലസ്തീൻ ബാഡ്ജ് ധരിച്ചെത്തിയ വിദ്യാർഥികളിലൊരാൾ പറഞ്ഞു.
അസിം പ്രേംജി സ്ഥാപിച്ച അസിം പ്രേംജി ഫൗണ്ടേഷനാണ് അസിം പ്രേംജി സർവകലാശാലയ്‌ക്ക് പ്രധാനമായും ധനസഹായം നൽകുന്നത്. ടെൽ അവീവ് സർവകലാശാലയുമായും മറ്റ് ഇസ്രായേലി സംഘടനകളുമായും ഗവേഷണ പങ്കാളിത്തമുള്ള വിപ്രോയെ വിദ്യാർത്ഥികൾ വിമർശിച്ചു.
‘ ഇതൊരു പ്രതീകാത്മക പ്രതിഷേധമായിരുന്നു. എല്ലാ വർഷത്തേയും പോലെ മിസ്റ്റർ അസിം പ്രേംജി കൺവൻഷനിൽ പങ്കെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഇത്തവണ അദ്ദേഹം വന്നില്ല. എന്നാൽ ഈ സന്ദേശം അദ്ദേഹത്തിൽ എത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇസ്രായേലി സ്ഥാപനങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു.‘ – എന്നാണ് വിദ്യാർത്ഥികൾ പറഞ്ഞത്. നേരത്തെ സർവകലാശാലയിൽ വിദ്യാർത്ഥികൾ പലസ്തീൻ അനുകൂല റാലിയും സംഘടിപ്പിച്ചിരുന്നു.















