ന്യൂഡൽഹി : സന്താൽ പർഗാന മേഖലയിലെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാൻ ‘സ്പെഷ്യൽ ബ്രാഞ്ച്’ രൂപീകരിക്കണമെന്ന് ജാർഖണ്ഡ് ഹൈക്കോടതി . നുഴഞ്ഞുകയറ്റ പ്രശ്നം സുപ്രീം കോടതി ബാഹ്യ ആക്രമണമായി കണക്കാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ജംഷഡ്പൂർ സ്വദേശിയായ ദനിയാൽ ഡാനിഷ് എന്ന അഭിഭാഷകനാണ് ഇത് സംബന്ധിച്ച് കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത് . ബംഗ്ലാദേശിൽ നിന്ന് വ്യാപകമായ നുഴഞ്ഞുകയറ്റം ഉണ്ടായിട്ടുണ്ടെന്ന് പൊതുതാൽപര്യ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഗോഡ്ഡ, ജംതാര, പാകൂർ, ദുംക, സാഹിബ്ഗഞ്ച്, ദിയോഘർ എന്നീ ജില്ലകളിലാണ് ഇത്തരത്തിൽ ബംഗ്ലാദേശികൾ അനധികൃതമായി എത്തുന്നത് .
ആക്ടിംഗ് ചീഫ് ജസ്റ്റിസ് സുജിത് നാരായൺ പ്രസാദ്, ജസ്റ്റിസ് അരുൺ കുമാർ റായ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സന്താൽ പർഗാന മേഖലയിലെ ആദിവാസി ജനസംഖ്യയുടെ ശതമാനം “കുത്തനെ കുറഞ്ഞു” എന്ന് ഹർജിയിൽ പറയുന്നു. 1951-ൽ 44.67% ആയിരുന്നത് 2011-ൽ 28.11% ആയി കുറഞ്ഞു. ഇതിനു വിപരീതമായി, മുസ്ലീം ജനസംഖ്യ “പലമടങ്ങ് വർദ്ധിച്ചു. അത് 1951-ൽ 9.44% ആയിരുന്നത് 2011-ൽ 22.73% ആയി കുതിച്ചുയർന്നു.
സന്താൽ പർഗാനയിലെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ സ്വദേശി സ്ത്രീകളെ വിവാഹം കഴിച്ച് മതപരിവർത്തനം നടത്തുകയും ഗിഫ്റ്റ് ഡീഡ് മുഖേന അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്യുന്നതായും ഹർജിയിൽ പറയുന്നു ബംഗാളിന്റെ അതിർത്തിയിലുള്ള ജില്ലകളിൽ നുഴഞ്ഞുകയറ്റക്കാർ വൻതോതിൽ മുസ്ലീം പള്ളികളും മദ്രസകളും സ്ഥാപിച്ചിട്ടുണ്ട്.
വിഷയം വളരെ ഗൗരവമുള്ളതാണെന്ന് തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ മേഖലകളിൽ വ്യാജ റേഷൻ കാർഡുകളും വോട്ടർ ഐഡൻ്റിറ്റി കാർഡുകളും ആധാർ കാർഡുകളും നിർമ്മിക്കുന്നുണ്ട്. തെറ്റായ ഇത്തരം പേപ്പറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. നുഴഞ്ഞുകയറ്റക്കാർ തദ്ദേശവാസികളുടെ അവകാശങ്ങൾ ലംഘിക്കുന്നു.
റേഷൻ കാർഡ്, വോട്ടർ കാർഡ്, ആധാർ കാർഡ് അല്ലെങ്കിൽ ബിപിഎൽ കാർഡ് തുടങ്ങിയ രേഖകൾ പരിശോധിച്ചതിന് ശേഷം മാത്രമേ ‘അവകാശരേഖ’ നൽകുന്നുള്ളൂവെന്ന് ഉറപ്പാക്കാൻ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ ബന്ധപ്പെട്ട ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരോട് ഹൈക്കോടതി നിർദ്ദേശിച്ചു















