കോട്ടയം: വഖഫ് ബോർഡ് നിയമഭേദഗതിയെ പിന്തുണച്ച് കത്തോലിക്ക സഭ. വഖഫ് ബോർഡിനെ ഇന്ത്യൻ ഭരണഘടനുടെ അധികാരപരിധിയിൽ നിർത്തണമെന്ന് ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ബില്ലിനെതിരെ ഉയരുന്നത് അനാവശ്യ വിവാദങ്ങളാണെന്നും ഫാദർ ജോഷി മയ്യാറ്റിൽ എഴുതിയ ‘വഖഫ് നിയമഭേദഗതിയുടെ പ്രസക്തി’ എന്ന ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
പൗരസമൂഹത്തിന് ദ്രോഹകരമാവുകയും മറ്റ് മതസ്ഥർക്ക് ഭീഷണിയാവുകും ക്രമസമാധാനത്തിന് ഭംഗം വരുത്തുകയും ചെയ്യുന്നതുമാണ് വഖഫ് ബോർഡിന്റെ അവകാശവാദങ്ങൾ. അത് തീർച്ചയായും എതിർക്കപ്പെടേണ്ടതാണ്. മാത്രമല്ല ഇന്ത്യൻ റെയിൽവേയും സൈന്യവും കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ വസ്തുക്കൾ കൈവശം വെച്ചിരിക്കുന്നത് വഖഫ് ബോർഡാണ്. അതിരില്ലാത്ത അധികാര പ്രയോഗം നടത്തുന്ന വഖഫ് ബോർഡിനെ ഇന്ത്യൻ ഭരണഘടനയുടെ വരുതിക്ക് നിർത്തേണ്ടത് അനിവാര്യതയാണ്. അധിനിവേശത്തിന്റെ ആവേശം സ്ഥിരമായി പ്രകടമാക്കുകയും സാധാരണക്കാരുടെ ജീവിതം അനിശ്ചിതത്തിൽ ആക്കുകയും ചെയ്യുന്നതാണ് വഖഫ് ബോർഡിന്റെ ശൈലികൾ. അതിനാൽ തന്നെ ഭേദഗതി മുന്നോട്ട് വെക്കുന്ന വഖഫ് ട്രൈബ്യൂണൽ അനിവാര്യമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. വഖഫ് നിയമഭേദഗതിക്കെതിരെ പാർലമെന്റിന് അകത്തും പുറത്തും ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് കത്തോലിക്ക സഭയുടെ പിന്തുണ പ്രസക്തമാകുന്നത്.
വഖഫ് ഭേദഗതി ബിൽ കഴിഞ്ഞാഴ്ചയാണ് കേന്ദ്രമന്ത്രി കിരൺ റിജിജു പാർലമെന്റിൽ അവതരിപ്പിച്ചത്. വഖഫ് ഭൂമിയിന്മേലുള്ള മാഫിയ ഭരണം അവസാനിപ്പിക്കാനും സ്ത്രീകളുടെയും മറ്റ് മുസ്ലീം പിന്നാക്ക സമുദായങ്ങളുടെയും പ്രാതിനിധ്യം വഖഫ് ബോർഡിൽ ഉറപ്പാക്കാനും ലക്ഷ്യമിട്ട് കൊണ്ടുള്ളതാണ് ബിൽ. വഖഫ് ഭേദഗതി ബിൽ 2024ൽ സൂക്ഷ്മ പരിശോധന നടത്താൻ സംയുക്ത പാർലമെന്ററി സമിതിയെ നിയോഗിച്ചിരിക്കുകയാണ്.















