കൊച്ചി: വയനാടിന് ഫണ്ട് സ്വരുപിക്കാനെന്ന പേരിൽ ഡിവൈഎഫ്ഐ ഫുട്പാത്ത് കയ്യേറി അനധികൃത ഭക്ഷണ വിൽപ്പന നടത്തിയത് ചോദ്യം ചെയ്ത കൗൺസിലർക്ക് അസഭ്യവർഷം. എറണാകുളം സൗത്ത് ജംഗ്ഷനിലായിരുന്നു സംഭവം. കൊച്ചി കോർപ്പറേഷനിലെ ബിജെപി പ്രതിനിധി പത്മജ എസ് മേനോൻ ആയിരുന്നു ഡിവൈഎഫ്ഐയുടെ നടപടി ചോദ്യം ചെയ്തത്. തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ മോശമായി പെരുമാറിയെന്നാണ് പരാതി.
കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ ലൈസൻസ് എടുത്താണ് ഭക്ഷണ വിൽപ്പന നടത്തേണ്ടതെന്ന് ഡിവിഷൻ കൗൺസിലർ ചൂണ്ടിക്കാണിച്ചതാണ് ഡിവൈഎഫ്ഐയെ പ്രകോപിപ്പിച്ചത്. കൗൺസിലറെ പിന്തുണച്ചയാളെ മർദ്ദിച്ചതായും പരാതിയുണ്ട്. സംഭവത്തിന് പിന്നാലെ എറണാകുളം സെൻട്രൽ പൊലീസിൽ പത്മജ എസ് മേനോൻ പരാതി നൽകി. ഇതുസംബന്ധിച്ച വീഡിയോയും കുറിപ്പും പത്മജ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്:
സൗത്ത് ഗേൾസ് ഹൈസ്കൂൾ ജംഗ്ഷനിലെ എല്ലാ പെട്ടിക്കടകൾക്കും ലൈസൻസ് ഉണ്ടോ അതിലെ ഗ്യാസ് പ്രവർത്തിക്കുന്നുണ്ടോ എന്നൊക്കെ നോക്കി വരുമ്പോൾ ഡിവൈഎഫ്ഐക്കാർ റോഡിലേക്ക് കാലൊക്കെ നാട്ടി വച്ചിട്ട് ഫുട്പാത്ത് മുഴുവനും എടുത്ത് ഒരു തട്ടുകട നടത്തുന്നു. വയനാട് ദുരിതാശ്വാസം എന്നൊക്കെ എഴുതി വച്ചിരിക്കുന്നത് കണ്ടു. അപ്പോൾ ലൈസൻസ് ഉണ്ടോ എന്ന് ഞാൻ ചോദിച്ചു. ലൈസൻസ് ഇല്ല, കേരളം ഭരിക്കുന്ന പാർട്ടിയാണ് എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു – നിങ്ങൾ തന്നെയാണല്ലോ കൊച്ചിൻ കോർപ്പറേഷനും ഭരിക്കുന്നത്. അപ്പോൾ നിങ്ങൾക്ക് ഒരു ഹെൽത്ത് ഇൻസ്പെക്ടർ വഴി ലൈസൻസ് എടുക്കാൻ ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചു. അതേ തുടർന്ന് അവർ ഇനി പറയാനൊന്നും ബാക്കിയില്ല. രണ്ടു പൊറോട്ടയും ബീഫും എന്റെ വായിലേക്ക് തള്ളിവച്ച് കേറ്റി കൊടുക്കാൻ പറഞ്ഞു. ഒരു മുൻ പരിചയം ഇല്ലാത്ത ഒരാൾ എന്റെ സമീപം കുറച്ചു നേരമായി നിൽക്കുന്നുണ്ടായിരുന്നു. ഇത് കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു “ഈ സ്ത്രീ ഒന്നും നിങ്ങളോട് ചോദിച്ചില്ലല്ലോ, പിന്നെന്തിനാണ് അവരുടെ വായിൽ വച്ച് കൊടുക്കുന്നത് എന്ന്. കുറച്ചുനേരം കൂടെ എന്റെ കൂടെ നന്നിട്ട് അദ്ദേഹം നടന്നുപോയി. ഇവർ പിന്തുടർന്ന് അദ്ദേഹത്തെ മർദ്ദിച്ചു. എനിക്ക് തരാനുള്ളത് അദ്ദേഹത്തിന് കൊടുത്തു എന്നു മാത്രം.