തിരുവനന്തപുരം: വഖഫ് ഭേഗതി ബില്ലിനെ പിന്തുണച്ച് എക്സ്-മുസ്ലീമും ആക്ടിവിസ്റ്റുമായ ആരിഫ് ഹുസൈൻ. വഖഫ് ബോർഡ് ഇവിടെയുണ്ടായിരുന്നത് കൊണ്ട് സാധാരണ മുസ്ലീങ്ങൾക്ക് എന്ത് പ്രയോജനമാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. വഖഫ് ബോർഡിനെ മീശമാധവൻ സിനിമയോട് താരതമ്യപ്പെടുത്തിയായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് ജനംടിവി നടത്തിയ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടിൽ നടന്ന സംഭവങ്ങൾ അടക്കമുള്ള ഉദാഹരണങ്ങൾ വഖഫ് ബോർഡിന്റെ വെട്ടിപ്പിടിക്കൽ സൂചിപ്പിക്കുന്നതാണ്. ക്ഷേത്രങ്ങളും ഒരു ഗ്രാമം മുഴുവനും വഖഫ് ഭൂമിയാണെന്ന് പറയുന്ന അവസ്ഥയാണ് തമിഴ്നാട്ടിൽ കണ്ടത്. വഖഫ് ഭേദഗതി ബിൽ മുസ്ലീം വിരുദ്ധമാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതുപറയുന്ന ഇന്നാട്ടിലെ സാധാരണക്കാരായ മുസ്ലീങ്ങളോട് ഒറ്റചോദ്യമാണ് ഉന്നയിക്കാനുള്ളത്. വഖഫ് ബോർഡ് ഇവിടെയുണ്ടായിരുന്നത് കൊണ്ട് എന്തുനേട്ടമാണ് ഈ നാട്ടിലെ സാധാരണ മുസ്ലീമിന് ഉണ്ടായിട്ടുള്ളത്?
വഖഫ് ബോർഡിന്റെ കാര്യം പറയുമ്പോൾ മീശമാധവൻ സിനിമയാണ് ഓർമ വരുന്നത്. മാധവൻ ഏതെങ്കിലും വസ്തുവിൽ നോക്കി മീശ പിരിച്ചാൽ അതുപിന്നെ മാധവന്റേതാകുമെന്ന് സിനിമയിൽ കാണിക്കുന്നതുപോലെ ഇവിടെ മീശമാധവന്റെ റോളാണ് വഖഫ് ബോർഡ് ചെയ്യുന്നതെന്ന് പറയേണ്ടി വരും. സമാനമായാണ് വഖഫ് ബോർഡും ചെയ്യുന്നത്. അതിന്റെ പഴി മുഴുവൻ ഇന്നാട്ടിലെ സാധാരണ മുസ്ലീങ്ങൾ നേരിടുകയും ചെയ്യുന്നു. ഇതുപോലുള്ള അസംബന്ധങ്ങൾ പിന്തുണയ്‌ക്കേണ്ട എന്തു ബാധ്യതയാണ് ഇവിടുത്തെ സാധാരണ മുസ്ലീമിനുള്ളത്.
ഏതെങ്കിലും ഒരു ഭൂമിയിൽ അവകാശവാദവുമായി വഖഫ് ബോർഡ് വരുന്നു, അതു തർക്കമാകുന്നു, കോടതിയിലെത്തുന്നു. ഒടുവിൽ കോടതി വരെ ചോദിച്ചു, നാളെ താജ്മഹലും ചെങ്കോട്ടയും ഒക്കെ വഖഫ് ഭൂമിയാണെന്ന് അവകാശപ്പെടാമല്ലോയെന്ന്. മദ്ധ്യപ്രദേശ് കോടതിയുടെ ചോദ്യം തന്നെ വഖഫ് ബോർഡ് നിയമത്തിലെ പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടുന്നതെന്നും ആരിഫ് ഹുസൈൻ പറഞ്ഞു.