തിരുവനന്തപുരം: തിരുവന്തപുരം മര്യനാട്ടിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കഠിനംകുളം സ്വദേശി അത്തനാസ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു.
കൂടെ ഉണ്ടായിരുന്ന രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഈ മാസം മാത്രം നാല് മത്സ്യത്തൊഴിലാളികളാണ് വള്ളം മറിഞ്ഞ് മരിച്ചത്.
ഇന്ന് രാവിലെ 6 30 ഓടുകൂടി മത്സ്യബന്ധനം കഴിഞ്ഞ് തിരികെ തിരികെ വരുന്നതിനിടെ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു.വെള്ളത്തിൽ ഉണ്ടായിരുന്ന കഠിനംകുളം സ്വദേശി അത്തനാസിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മര്യനാട് സ്വദേശിയായ അരുൾദാസിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിൽ കൂടെയുണ്ടായിരുന്ന രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു.
ശക്തമായ തിരമാലകൾ ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. അപകടത്തിൽപ്പെട്ടവർ പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾ ആണെന്നാണ് വിവരം.അപകടസാധ്യത കൂടിയതോടെ മുതലപ്പൊഴി വഴിയുള്ള മത്സ്യബന്ധനം മര്യനാട് സ്വദേശികൾ ഉപേക്ഷിച്ചിരുന്നു.എന്നാൽ മര്യനാടും അപകടങ്ങൾ തുടർക്കഥയാവുകയാണ്. ഈ മാസം മാത്രം മര്യനാട് വള്ളം മറിഞ്ഞു മരിച്ച മത്സ്യത്തൊഴിലാളികളുടെ എണ്ണം നാലായി.















