കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രാജിവച്ചു. മെഡിക്കൽ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് പ്രിൻസിപ്പൽ രാജിവെച്ചത്. സോഷ്യൽ മീഡിയയിലെ അപമാനം സഹിക്കാനാവില്ലെന്നും തന്റെ പേരിൽ രാഷ്‌ട്രീയ പ്രസ്താവനകൾ നടക്കുന്നുണ്ടെന്നും സന്ദീപ് ഘോഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകം നടന്നതിനുശേഷവും ഇരയായ പെൺകുട്ടിയെ കുറ്റപ്പെടുത്തി സംസാരിച്ചുവെന്ന് ഇയാൾക്കെതിരെ ആരോപണമുയർന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ച പ്രിൻസിപ്പൽ താൻ അത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും ചിലർ തന്നെ രാജി രാജി വയ്പ്പിക്കുന്നതിനായി ബോധപൂർവം വിദ്യാർത്ഥികളെ പ്രകോപിപ്പിക്കുകയാണെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതികൾ ശിക്ഷിക്കപ്പെടണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മരിച്ച പെൺകുട്ടി എന്റെ മകളെപ്പോലെയായിരുന്നു.ഞാനും ഒരു രക്ഷിതാവാണ്. ഒരു രക്ഷിതാവ് എന്ന നിലയിൽ ഞാൻ രാജി വയ്‌ക്കുന്നു,” പ്രിൻസിപ്പൽ പറഞ്ഞു. ഞാൻ ഒരു ഓർത്തോപീഡിക് സർജനാണ്. മറ്റൊരു ഉപജീവനമാർഗം കണ്ടെത്തും. ചുമതലയേറ്റ ശേഷം അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. ആശുപത്രിയുടെ വികസനത്തിനും രോഗികളുടെ താല്പര്യത്തിനും വേണ്ടിയാണ് താൻ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിനുശേഷം പ്രിൻസിപ്പലിന്റെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ പ്രസ്താവനകൾ ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സുവേന്ദു അധികാരി ഡോ.സന്ദീപ് ഘോഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.