വലിയ കഠിനാധ്വാനമൊന്നും ചെയ്യാതെ കോടിപതിയാകാനുള്ള വഴികൾ തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണ് സാംസങ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ബഗ് കണ്ടെത്തുന്നവർക്ക് ഒരു മില്യൺ ഡോളർ (8.39 കോടി രൂപ) സമ്മാനമായി നൽകുമെന്നാണ് സാംസങ്ങിന്റെ പ്രഖ്യാപനം (Samsung Bug Bounty). ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ് തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ (OS) എന്തെങ്കിലും സുരക്ഷാ പിഴവുകളോ കേടുപാടുകളോ കണ്ടെത്തുന്ന ഗവേഷകർക്കാണ് സമ്മാനത്തുക നൽകുക.
അപകടസാധ്യതയുടെ തീവ്രതയും പ്രോജക്റ്റിന്റെ പ്രാധാന്യവും അനുസരിച്ചാണ് സമ്മാനത്തുക നിശ്ചയിക്കുന്നത്. പരമാവധി തുകയാണ് ഒരു ദശലക്ഷം ഡോളർ. സാംസങ് ഏറ്റവും പുതിയ ‘നോക്സ് വോൾട്ട്’ (Knox Vault) ഹാക്ക് ചെയ്യുന്നതിനും ഹാർഡ്‌വെയർ സെക്യൂരിറ്റി സിസ്റ്റത്തിനുള്ളിൽ റിമോട്ട് കോഡ് എക്‌സിക്യൂട്ട് ചെയ്യുന്നതിനും സാധിക്കുന്നവർക്കാണ് ഉയർന്ന സമ്മാനത്തുക ലഭിക്കുകയെന്നും കമ്പനി അറിയിച്ചു. (മൊബൈലിൽ ക്രിപ്‌റ്റോഗ്രാഫിക് ഘടകങ്ങളും സെൻസിറ്റീവായ ബയോമെട്രിക് ഡാറ്റയും സൂക്ഷിക്കുന്നതാണ് നോക്സ് വോൾട്ട്.)
ഫോൺ നേരത്തെ അൺലോക്ക് ചെയ്തു നോക്കാതെ തന്നെ ആദ്യമായി അൺലോക്ക് ചെയ്യാനും ഡാറ്റ പൂർണ്ണമായി സ്വാംശീകരിക്കാനും കഴിഞ്ഞാൽ 4,00,000 ഡോളർ സമ്മാനത്തുക ലഭിക്കുന്നതാണ്. ഇത്തരത്തിൽ ബഗ് ബൗണ്ടി പ്രോഗ്രാം ആദ്യമായല്ല സാംസങ് നടത്തുന്നത്. 2017ൽ ആരംഭിച്ച പ്രോഗ്രാമിലൂടെ ഇതുവരെ കമ്പനിക്ക് 5 മില്യൺ ഡോളർ തുക സമ്മാനമായി നൽകേണ്ടി വന്നിട്ടുണ്ട്.















