തിരുവനന്തപുരം: ഹിന്ദുക്കളെ വർഗ്ഗീയവാദികളായി ചിത്രികരിക്കുന്നവർ രാമായണം വായിച്ചാൽ ഹിന്ദുവിന്റെ സ്‌നേഹം മനസിലാകുമെന്ന് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. തിരുവനന്തപുരത്ത് വൊങ്ങാനൂർ ശ്രീ ഉദയ മാർത്താണ്ഡശ്വരം ശിവക്ഷേത്രത്തിൽ അമൃതവർഷിണി നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാമായണ മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സനാതന മൂല്യം പകരുന്ന രാമായണം വായിച്ചാൽ ഹിന്ദുവിനെ വർഗീയവാദിയായും ഫാസിസ്റ്റ് എന്നും വിളിക്കുന്നവർക്ക് ഹിന്ദു എന്താണെന്ന് തിരിച്ചറിയാൻ കഴിയുമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. രാമായണമെന്നും രാമൻ എന്നും പറയുമ്പോൾ ജാതീയമായ ഉച്ചനീചത്വങ്ങളെക്കുറിച്ചുളള ചർച്ചകളാണ് ഇപ്പോൾ ഉയർത്തുന്നത്. പിന്നെ സവർണഫാസിസവും.
ചക്രവർത്തി ദശരഥന്റെ പുത്രനായ രാമനും ഗുഹനും ആലിംഗനബദ്ധരായി നിൽക്കുന്ന മനോഹര ചിത്രം ചെറുപ്പത്തിൽ മനസിലാക്കിയ ഒരു കുട്ടിയുടെ മുൻപിൽ ആയിരം പ്രസംഗം ഒരാൾ നടത്തിയാലും ഒന്നും സംഭവിക്കില്ല. അത് കുട്ടികൾക്കുളളിൽ ഉറപ്പിച്ചാൽ ഒരിക്കലും അവർ വഴിതെറ്റില്ലെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.
രാമായണം പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമൃതവർഷിണി നവമാധ്യമ കൂട്ടായ്മ കുട്ടികൾക്കായി രാമായണ ഉത്സവം സംഘടിപ്പിച്ചത്. അമ്മമാരും കുട്ടികളും അടക്കം നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.