ന്യൂഡൽഹി: ബംഗ്ലാദേശ് കലാപത്തിൽ ഭീകരസംഘടനകളുടെ പങ്കിലേക്ക് വെളിച്ചം വീശി ഇന്റലിജൻസ് റിപ്പോർട്ട്. ബംഗ്ലാദേശിൽ നടന്നത് വിദ്യാർത്ഥി പ്രതിഷേധമാണെന്ന് തോന്നുമെങ്കിലും ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമങ്ങൾക്ക് നേതൃത്വം നൽകിയത് ഭീകരസംഘടനകളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പാക് ആസ്ഥാനമായ ലഷ്‌കർ-ഇ-തൊയ്ബ, ബംഗ്ലാദേശിലെ അൻസറുല്ല ബംഗ്ലാ ടീം (എബിടി), പാക് ഐഎസ്ഐ എന്നീ പേരുകളാണ് പ്രധാനമായും പരാമർശിച്ചിരിക്കുന്നത്.
പാക് ഐഎസ്ഐയുടെ ഒത്താശയോടെയായിരുന്നു ഭീകരസംഘടകൾ അഴിഞ്ഞാടിയത്. സംവരണ പ്രക്ഷോഭത്തിന്റെ മറവിൽ “ഭരണമാറ്റം”ആയിരുന്നു ഇവരുടെ ആത്യാന്തിക ലക്ഷ്യം. ഇന്ത്യയിൽ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ 2022 മുതലാണ് എബിടിയുമായി ലഷ്‌കർ സഹകരിക്കാൻ തുടങ്ങിയത്. ഇതിനായി അവർ ബംഗാളിൽ താവളം ഉറപ്പിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏകദേശം 50 മുതൽ 100 വരെ എബിടി ഭീകരർ ത്രിപുരയിലേക്ക് നുഴഞ്ഞുകയറാൻ പദ്ധതിയിട്ടിരുന്നതായും നിരവധി ഭീകരർ അറസ്റ്റിലായതായും 2022 മുതലുള്ള ഇൻ്റലിജൻസ് വിവരങ്ങൾ സൂചിപ്പിക്കുന്നു
2007-ൽ ജമാഅത്തുൽ-മുസ്ലിമീൻ എന്ന പേരിൽ എൻ.ജി.ഒ.യുടെ ധനസഹായത്തോടെ സ്ഥാപിതമായ സംഘനയാണ് പിന്നീട് എബിടിയും അൻസാർ അൽ-ഇസ്ലാമുമായി മാറിയത്. അൽ-ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിഭാഗമായാണ് അൻസാർ അൽ-ഇസ്‌ലാം സ്വയം നിലയുറപ്പിച്ചത്. ബംഗ്ലാദേശിൽ പുരോഗമന ആശയങ്ങൾ മുന്നോട്ട് വെക്കുന്ന നിരവധി പേരുടെ കൊലപാതകങ്ങൾക്ക് ഉത്തരവാദിയാണ് ഇവർ.
ബംഗ്ലാദേശിൽ സജീവമായി നിൽക്കുന്ന ഭീകരസംഘടനകൾ
1. അൻസറുല്ല ബംഗ്ലാ ടീം (എബിടി)
2. അൻസാർ അൽ ഇസ്ലാം
3. ലഷ്കർ-ഇ-തൊയ്ബ (എൽഇടി)
4. ഹർകത്ത്-ഉൽ-ജിഹാദ് അൽ-ഇസ്ലാമി ബംഗ്ലാദേശ് (ഹുജി-ബി)
5. ജാഗ്രത മുസ്ലീം ജനത ബംഗ്ലാദേശ് (ജെഎംജെബി)
6 ജമാത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി)
7. പുർബ ബംഗ്ലാർ കമ്മ്യൂണിസ്റ്റ് പാർട്ടി (പിബിസിപി)
8. ഇസ്ലാമി ഛത്ര ഷിബിർ (ഐസിഎസ്)
9. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്)















