വയനാട്: ഉരുൾപൊട്ടൽ ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി സ്വമേധയാ എടുത്ത കേസിനൊപ്പം പരിഗണിക്കാനായി മാറ്റി.
മീനച്ചിൽ സ്വദേശി ജയിംസ് വടക്കനാണ് ഹർജിക്കാരൻ. ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകുക, ഉരുൾപൊട്ടൽ മേഖലയിലുള്ളവരെ പുനരധിവസിപ്പിക്കുക, പ്രദേശത്തെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ വക്കുക പ്രദേശത്തെ അനധികൃത നിർമാണം, ഖനന, കയ്യേറ്റം എന്നിവ സിബിഐ പോലുള്ള ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുക തുടങ്ങിയവയാണ് ഹർജിയിലെ ആവശ്യങ്ങൾ.
കഴിഞ്ഞ ദിവസമാണ് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കോടതി സ്വമേധയാ കേസെടുത്തത്. ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതി പ്രക്ഷോഭങ്ങൾ ഒഴിവാക്കാൻ എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
വയനാട് ദുരന്തത്തിൽ കൃത്യമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ സംസ്ഥാനസർക്കാർ വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട മറ്റ് ഹർജികളും സ്വമേധയാ സ്വീകരിച്ച കേസിനൊപ്പം പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.















