ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ. ഡൽഹിയിലെത്തിയ അദ്ദേഹം ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികളും പ്രത്യാഘാതങ്ങളും ചർച്ച ചെയ്തു. മേഘാലയ ഉപമുഖ്യമന്ത്രി പ്രസ്റ്റോൺ ടിൻസോങ് ഉൾപ്പെടെയുള്ളവർ ചർച്ചയിൽ പങ്കെടുത്തു.
” കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംവരണ വിരുദ്ധ പ്രക്ഷോഭക്കാരുടെ കലാപം ബംഗ്ലാദേശിൽ തുടരുന്ന സാഹചര്യത്തിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. കലാപം ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലേക്ക് വരുത്താവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ആഭ്യന്തരമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്. വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.”- കോൺറാഡ് സാങ്മ എക്‌സിൽ കുറിച്ചു.
അതിർത്തി മേഖലകൾ സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മേഖലകളിൽ ശക്തമായ പരിശോധന തുടരുന്നുണ്ടെന്നും നുഴഞ്ഞുക്കയറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ഓഗസ്റ്റ് 5-ാം തീയതിയാണ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചത്. സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ മറവിൽ കലാപകാരികൾ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഇതോടെ ഗത്യന്തരമില്ലാതെയാണ് ഷെയ്ഖ് ഹസീന രാജി വച്ച് രാജ്യം വിട്ടത്. മുഹമ്മദ് യൂനൂസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിൽ വന്നെങ്കിലും ബംഗ്ലാദേശിൽ പ്രക്ഷോഭങ്ങൾ കെട്ടടങ്ങിയില്ല. കലാപത്തിന് പിന്നിൽ പാക് ഐഎസ്‌ഐയ്‌ക്ക് അടക്കം പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.















