കോട്ടയം: നഗരസഭയിൽ നിന്ന് മൂന്ന് കോടി രൂപ തട്ടിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് കൂടി സസ്‌പെൻഷൻ. പെൻഷൻ സൂപ്രണ്ട് ശ്യാം, സെക്ഷൻ ക്ലർക്ക് ബിന്ദു, അക്കൗണ്ട് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ സന്തോഷ് കുമാർ എന്നിവർക്കാണ് സസ്‌പെൻഷൻ.
ജോലികൾ കൃത്യമായി നിർവ്വഹിക്കാതെ ജീവനക്കാരുടെ ഭാഗത്ത് നിന്നും അലംഭാവം ഉണ്ടായതായി നഗരസഭാ സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ച നഗരസഭാ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യനാണ് മൂവരെയും സസ്‌പെൻഡ് ചെയ്തത്. തട്ടിപ്പിൽ ഇവരുടെ പങ്ക് നഗരസഭ വ്യക്തമാക്കിയിട്ടില്ല.
കോട്ടയം നഗരസഭയിലെ വാർഷിക സാമ്പത്തിക പരിശോധനയിലാണ് 3 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതിയും പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന ജീവനക്കാരനുമായ അഖിൽ സി. വർഗീസിനെ പിടികൂടാൻ പൊലീസിന് ഇതുവരെയും സാധിച്ചിട്ടില്ല. ഒളിവിൽ കഴിയുന്ന അഖിൽ സി വർഗീസ് നിലവിൽ വൈക്കം നഗരസഭയിലെ ഉദ്യോഗസ്ഥനാണ്. കോട്ടയം നഗരസഭയിൽ പെൻഷൻ വിഭാഗം കൈകാര്യം ചെയ്യുന്ന സമയത്താണ് അഖിൽ മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്.















