അമരാവതി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആന്ധ്രാപ്രദേശ് ഉപ മുഖ്യമന്ത്രി പവൻ കല്യാൺ. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
” ബംഗ്ലാദേശിലെ സ്ഥിതിഗതികൾ മോശമായി തുടരുകയാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനോടും ബംഗ്ലാദേശ് ഹൈ കമ്മീഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു.”- പവൻ കല്യാൺ കുറിച്ചു.
അടുത്തിടെ ബംഗ്ലാദേശിൽ നിന്ന് പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഹൃദയഭേദകമാണ്. നമ്മുടെ അയൽ രാജ്യത്തെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ വിഭാഗക്കാരുടെയും സുരക്ഷയ്‌ക്കായി പ്രാർത്ഥിക്കുന്നുവെന്നും പവൻ കല്യാൺ പറഞ്ഞു. കലാപകാരികൾ ക്ഷേത്രങ്ങൾ അടിച്ചു തകർത്തു, പ്രതിഷ്ഠകൾ എറിഞ്ഞുടച്ചു ഇതിനെതിരെ കർശന നടപടി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സംവരണ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ പാക് ഭീകരസംഘടനകൾ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇടക്കാല സർക്കാർ അധികാരത്തിലേറിയ ശേഷവും കലാപങ്ങൾ കെട്ടടങ്ങാത്ത സ്ഥിതിയിലൂടെയാണ് നിലവിൽ ബംഗ്ലാദേശ് കടന്നുപോകുന്നത്.