തൃശൂർ: ഗായിക കെ എസ് ചിത്രയ്‌ക്ക് വാത്മീകി പുരസ്‌കാരം സമർപ്പിച്ചു. തൃശൂരിൽ നടന്ന സമർപ്പണ രാമായണ ഫെസ്റ്റിലാണ് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള പുരസ്‌കാരം സമർപ്പിച്ചത്.
ഒരു പക്ഷിയുടെ ജീവൻ പക്ഷിക്കാൻ വേണ്ടി ശിബി ചക്രവർത്തി സ്വന്തം ശരീരത്തിൽ നിന്നും മാംസം നൽകിയ കഥ പരാമർശിച്ചാണ് ഇതൊക്കെ കഥയായി നിലനിൽക്കാതെ എല്ലാവരിലും പകർന്നു ചെല്ലട്ടെയെന്ന് കെഎസ് ചിത്ര പറഞ്ഞത്. കർണാടിക് സംഗീതജ്ഞ ഡോ. എൻ.ജെ നന്ദിനിക്ക് രാമസംഗീതശ്രീ പുരസ്‌കാരവും സംഗീത സംവിധായകൻ ഔസേപ്പച്ചന് രാമായണ പുരസ്‌കാരവും നൽകി.

തൃശൂർ റീജയണൽ തീയേറ്ററിൽ നടന്ന സമർപ്പണ രാമായണഫെസ്റ്റിൽ കുട്ടികളുടെ രാമായണ പാരായണ മത്സരം, പ്രശ്‌നോത്തരി മത്സരം, തിരുവാതിര തുടങ്ങിയവയും ദിവ്യാംഗരായ കുട്ടികളുടെ കലാ പരിപാടികളും നൃത്ത ആവിഷ്‌കാരവും ഒരുക്കിയിരുന്നു. സാമൂഹ്യ സമരസതയുടെ പ്രതീകാത്മക ഭാവനയായ ശബരി സൽക്കാരത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. ശബരിയുടെ പ്രതീകമായി വനവാസി ഊരിലെ കാർത്ത്യായനി അമ്മയെ ആദരിച്ചു.
മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, വിദ്യാധരൻ മാസ്റ്റർ, കല്യാൺ സിൽക്സ് എംഡി ടി.എസ് പട്ടാഭിരാമൻ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, തിരൂർ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.















