ന്യൂഡൽഹി: നാല് സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരരെയും അടുത്തിടെ കശ്മീരിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് സഹായം നൽകിയവരെയും പിടികൂടി ജമ്മുകശ്മീർ പൊലീസ്. കത്വ ജില്ലയിൽ നിന്ന് ഒമ്പത് ഭീകരരെയാണ് തിങ്കളാഴ്ച പൊലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസങ്ങളായി കശ്മീരിൽ നടന്ന ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരൻ മുഹമ്മദ് ലത്തീഫ് അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്.
ഭീകര മൊഡ്യൂളിലെ പ്രധാനിയായ മുഹമ്മദ് ലത്തീഫ് കൂടാതെ കത്വ ജില്ലയിലെ ബിൽവാര ബെൽറ്റിലെ അംബെ നാൽ, ഭാദു, ജുതാന, സോഫയിൻ, കട്ടാൽ എന്നീ ഗ്രാമങ്ങളിൽ നിന്നുള്ള അക്തർ അലി, സദ്ദാം, കുശാൽ, നൂറാനി, മഖ്ബൂൽ, ലിയാഖത്ത്, കാസിം ദിൻ, ഖാദിം എന്നിവരുമാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
അതിർത്തിക്കപ്പുറത്തുള്ള ഭീകരരുമായി ആശയവിനിമയം നടത്തുകയും സാംബ-കത്വ സെക്ടർ വഴി വിദേശ ഭീകരരെ ഇന്ത്യയിലേക്ക് കടക്കാൻ സഹായിക്കുകയും ചെയ്തതിൽ നിർണായക പങ്ക് വഹിച്ചയാളാണ് അറസ്റ്റിലായ ലത്തീഫ്. കേന്ദ്ര ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് മൊഡ്യൂൾ തകർക്കാനായതെന്നും കശ്മീർ പൊലീസ് വ്യക്തമാക്കി.
കസ്റ്റഡിയിലുള്ള ഭീകരരെ ഉന്നത ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ രണ്ടുമാസമായി ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണങ്ങളിൽ പങ്കാളികളായവരാണ് അറസ്റ്റിലായത്. മറ്റ് വലിയ അക്രമങ്ങൾക്ക് ഇവർ പദ്ധതി ഇട്ടിരുന്നതായും, ഇത് സംബന്ധിച്ച വ്യക്തമായ വിവരം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നൽകിയിരുന്നതായും ജമ്മുകശ്മീർ പൊലീസ് ചൂണ്ടിക്കാട്ടി.