ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 ADയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപികാ പദുക്കോൺ, ശോഭന എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ പാൻ-ഇന്ത്യൻ ചിത്രം കൽക്കി ജൂൺ 27-നായിരുന്നു തീയേറ്ററിൽ എത്തിയത്. ബോക്സ് ഓഫീസ് കീഴടക്കിയ സയൻസ്-ഫിക്ഷൻ ചിത്രം, ഇതിഹാസ കാവ്യമായ മഹാഭാരതത്തെ ആസ്പദമാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്തതാണ്. അശ്വത്ഥാമാവിന്റെ ശാപമോക്ഷത്തിലേക്കുള്ള പ്രയാണവും കൽക്കിയുടെ പിറവിയുമാണ് ചിത്രത്തിന്റെ പ്രമേയം.
ഒടിടി റിലീസ്
ഓഗസ്റ്റ് 23നാണ് ചിത്രം ഒടിടി റിലീസ് ചെയ്യുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ (Amazon Prime Video) സ്ട്രീം ചെയ്യുന്നതാണ്. തീയേറ്ററുകളിൽ രണ്ട് മാസത്തോളം പ്രദർശിപ്പിച്ചതിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്.
മികച്ച വിഷ്വൽ എഫക്ടും അതിമനോഹരമായ കഥാഗതിയും അഭിനേതാക്കളുടെ അസാധ്യ പ്രകടനവും സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരുന്നു. കൽക്കിയുടെ ഹിന്ദി പതിപ്പ് 277 കോടിയാണ് നേടിയത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ ആകെ 600 കോടി രൂപയും ചിത്രം നേടി. ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 1,100 കോടിക്ക് മുകളിലാണ്.
സിനിമയിൽ അശ്വത്ഥാമാവായി എത്തിയ അമിതാഭ് ബച്ചന്റെ പ്രകടനം ഏറെ ചർച്ച ചെയ്തിരുന്നു. മലയാളി താരങ്ങളായ ശോഭന, ദുൽഖർ സൽമാൻ, അന്ന ബെൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തി. കുസൃതി നിറഞ്ഞ ബുജി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയ കീർത്തി സുരേഷും സിനിമാപ്രേമികളുടെ മനസിൽ ഇടംപിടിച്ചിരുന്നു.