കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുകാന്ത മജുംദാർ. സിബിഐ അന്വേഷണം നടക്കുന്നത് വൈകിപ്പിക്കാനാണ് മമത ശ്രമിക്കുന്നതെന്നും സുകാന്ത മജുംദാർ ആരോപിച്ചു.
” ഈ കേസിൽ സിബിഐ അന്വേഷണം നടത്തണം. എന്നാൽ അന്വേഷണം വൈകിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഇത്തരം കേസുകളിൽ ചില തെളിവുകൾ ദിവസങ്ങളോളം സൂക്ഷിക്കാനാകില്ല. അതുകൊണ്ട് തന്നെ അന്വേഷണം എത്രയും വേഗം കൈമാറണമെന്നും” സുകാന്ത മജുംദാർ ആവശ്യപ്പെട്ടു. അതേസമയം മമത ബാനർജി രാജധർമ്മമാണ് പിന്തുടരുന്നതെന്നും, ഇപ്പോഴുണ്ടായ സംഭവത്തിൽ അവർക്ക് അങ്ങേയറ്റം ദു:ഖമുണ്ടെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് പറഞ്ഞു.
” ബംഗാളിന്റെ അമ്മയെ പോലെയാണ് അവർ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സംഭവത്തിൽ അവരും വളരെ ദു:ഖിതയാണ്. സിപിഎം ഭരിച്ചപ്പോഴും സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ നടന്നിരുന്നു. 24 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കേസ് അതിവേഗ കോടതിയിൽ എത്തിക്കുമെന്നും, പ്രതിക്ക് വധശിക്ഷ ലഭിക്കാൻ ശ്രമിക്കുമെന്നും മമത പറഞ്ഞിട്ടുണ്ട്. പൊലീസിനായി കൃത്യം സമയം അനുവദിച്ചിട്ടുണ്ട്. അതിന് സാധിച്ചില്ലെങ്കിൽ കേസ് സിബിഐക്ക് വിടുമെന്നും” കുനാൽ ഘോഷ് പറയുന്നു.
കേസിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും, കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം സാഹചര്യങ്ങളെ കുറിച്ചും ജോലിസ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്ന് ഐഎംഎ കേന്ദ്രമന്ത്രി ജെ പി നദ്ദയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള കത്തും ഐഎംഎ കൈമാറി.