കറാച്ചി: പാക് ചാരസംഘടനയായ ഐഎസ്ഐയുടെ മുൻ തലവനെ പാക് സൈന്യം അറസ്റ്റ് ചെയ്തു. ഭൂമിതട്ടിപ്പുകേസിലാണ് ലെഫ. ജനറൽ (റിട്ട) ഫായിസ് ഹമീദിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫായിസ് ഹമീദിനെതിരെ കോർട്ട് മാർഷൽ നടപടികൾ ആരംഭിച്ചതായി പാക് സൈന്യത്തിന്റെ മാദ്ധ്യമ വിഭാഗം അറിയിച്ചു.
2019 മുതൽ 2021 വരെ ഐഎസ്ഐയുടെ ഡയറക്ടർ ജനറലായിരുന്ന ഫായിസ് ഹമീദ്. മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തത് ഫായിസ് ഹമീദിന്റെ ഒത്താശയോടെ ആയിരുന്നു . മുൻ ഇൻ്റലിജൻസ് മേധാവിക്കെതിരെ കോർട്ട് മാർഷൽ നടപടികൾ ആരംഭിക്കുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് പാക് ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു. പാകിസ്താനിൽ സൈനികമേധാവി കഴിഞ്ഞാൽ ശക്തനായ ഓഫിസർ ഐഎസ്ഐ മേധാവിയാണ്.
മുൻ ഐഎസ്ഐ മേധാവിക്കെതിരെ അന്വേഷണം നടത്താൻ ഏപ്രിലിൽ പാക് സൈന്യം അന്വേഷണ സമിതിക്ക് രൂപം നൽകിയിരുന്നു. ഫായിസ് ഹമീദിനെതിരായ ആരോപണങ്ങൾ “അങ്ങേയറ്റം ഗുരുതരമാണ്” എന്നാണ് പാക് സുപ്രീം കോടതി വിശേഷിപ്പിച്ചത്.