മനുഷ്യന്റെ നാവിന്റെ നിറം നോക്കി രോഗ നിർണ്ണയം നടത്താൻ പുതിയ കമ്പ്യൂട്ടർ അൽഗോരിതം വികസിപ്പിച്ച് ഗവേഷകർ. പ്രമേഹം, പക്ഷാഘാതം തുടങ്ങിയ വിവിധ രോഗങ്ങൾ 98 ശതമാനം കൃത്യതയോടെ വിശകലനം ചെയ്യുന്ന പ്രാഗ്രാമാണ് തയ്യാറാക്കിയിരിക്കുന്നത്.
ഓസ്‌ട്രേലിയയിലെ മിഡിൽ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയും യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയും വികസിപ്പിച്ചെടുത്ത ഇമേജിംഗ് സിസ്റ്റത്തിന്, സ്‌ട്രോക്ക്, അനീമിയ, പ്രമേഹം, കരൾ, പിത്തസഞ്ചി പ്രശ്നങ്ങൾ, ഗ്യാസ്ട്രോഇൻറസ്റ്റൈനൽ രോഗങ്ങൾ കണ്ടെത്താനാകും. ഇതിനായി നാവിന്റെ ഫോട്ടോ അപ്ലോഡ് ചെയ്താൽ മാത്രം മതിയാകും, അസോസിയേറ്റ് പ്രൊഫസർ അലി അൽ-നാജി പറഞ്ഞു.
സാധാരണയായി, പ്രമേഹമുള്ളവരുടെ നാവിന് മഞ്ഞ നിറമുണ്ടാകും; ക്യാൻസർ ബാധിതർക്ക് പർപ്പിൾ നിറമായിരിക്കും ഒപ്പം പ്രത്യേക കൊഴുത്ത വസ്തു നാവിന് ആവരണം ചെയ്തിരിക്കും. പക്ഷാഘാത സാദ്ധ്യതയുള്ളവരുടെ നാവിന് അസാധാരണമായ ആകൃതിയിലുള്ള ചുവന്ന നിറമായിരിക്കും. വെളുത്ത നാവ് വിളർച്ചയെ സൂചിപ്പിക്കുന്നു., ഇൻഡിഗോ അല്ലെങ്കിൽ വയലറ്റ് നാവ് രക്തക്കുഴൽ അല്ലെങ്കിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ ആസ്ത്മ എന്നിവയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന്, അദ്ദേഹം കൂട്ടിച്ചേർത്തു,”
ആരോഗ്യപ്രശ്നങ്ങൾ നിർണ്ണയിക്കാൻ നാവിന്റെ നിറവും ആകൃതിയും കനവും ഉപയോഗിക്കുന്ന പരമ്പരാഗത ചൈനീസ് രീതിക്ക് 2,000 വർഷത്തെ പഴക്കമുണ്ട്. ഇതേ സാങ്കേതികതയാണ് എഐ വഴി ആവർത്തിക്കുന്നതെന്ന് അൽ-നാജി വിശദീകരിച്ചു. ഈ സാങ്കേതികവിദ്യ ഭാവിയിൽ സ്‌മാർട്ട്‌ഫോണുകളിലും ഉപയോഗിക്കാൻ സാധിക്കമെന്ന് സഹ-ഗവേഷകനായ പ്രൊഫസർ ജവാൻ ചാൽ അഭിപ്രായപ്പെട്ടു.