ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിലിനായി ഈശ്വർ മാൽപെ ഷിരൂരിൽ. അർജുനെ കണ്ടെത്തുന്നതിനായി ഈശ്വർ മാൽപെ പുഴയിലിറങ്ങി തെരച്ചിൽ തുടങ്ങി. അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതിനായുള്ള അനുമതി ഈശ്വർ മാൽപെയ്‌ക്കും സംഘത്തിനും നൽകിയിട്ടുണ്ടെന്ന് കാർവാർ എംഎൽഎ സതീസ് കൃഷ്ണ സെയിൽ അറിയിച്ചിരുന്നു. മത്സ്യത്തൊഴിലാളികളും ഈശ്വർ മാൽപെയ്‌ക്കൊപ്പം പുഴയിലിറങ്ങി തെരച്ചിൽ നടത്തും.
” അർജുൻ, ലോകേഷ്, ജഗന്നാഥ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. രണ്ട് മണിക്കൂറോളം ഗംഗാവലി പുഴയിൽ ഇന്ന് തെരച്ചിൽ നടത്തും. ശേഷം 14-ാം തീയതി രാവിലെ മുതൽ രക്ഷാപ്രവർത്തനം ആരംഭിക്കും. നിലവിൽ പുഴയിലെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ട്. അനുകൂല കാലാവസ്ഥയായതിനാൽ വെള്ളത്തിലിറങ്ങി പരമാവധി പരിശോധനകൾ നടത്തും.”- ഈശ്വർ മാൽപെ പറഞ്ഞു.
നിലവിൽ രണ്ട് നോട്ട് വേഗതയിലാണ് ഗംഗാവലി പുഴ ഒഴുകുന്നത്. മത്സ്യത്തൊഴിലാളിയായ ഈശ്വർ മാൽപെ മാത്രമാണ് ഇന്ന് പുഴയിലിറങ്ങി തെരച്ചിൽ നടത്തുന്നത്. നാളെ ഈശ്വർ മാൽപെയ്‌ക്കൊപ്പം മത്സ്യത്തൊഴിലാളികളായ മറ്റ് നാല് പേർ കൂടി തെരച്ചിലിന്റെ ഭാഗമാകുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കാർവാർ എംഎൽഎ സതീഷ് സെയിൽ രംഗത്തെത്തി. ഡ്രഡ്ജർ കൊണ്ടു വരുന്നതിൽ കേരള സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള തീരുമാനം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും പണം മുൻകൂറായി നൽകാമെന്ന് അറിയിച്ചിട്ടും കേരളം ഡ്രഡ്ജർ എത്തിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.















