തൃശൂർ പൂരം നടത്തിപ്പ്; പ്രത്യേക യോഗം വിളിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Published by
Janam Web Desk

തൃശൂർ: തൃശൂർപൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ കളക്ടറേറ്റിൽ 14-ാം തീയതി രാവിലെ 10 മണിക്കാണ് യോഗം ചേരുന്നത്. കളക്ടർ, മന്ത്രിമാർ, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

തൃശൂർ പൂരത്തിൽ വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ചർച്ച സംഘടിപ്പിക്കുന്നത്. കഴിഞ്ഞ തവണത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ജനങ്ങളോട് കൂടുതൽ സഹകരിച്ച് പൂരം നടത്താനുമുള്ള തീരുമാനം യോഗത്തിൽ ഉണ്ടായേക്കും. സുരേഷ് ഗോപി നേരിട്ട് പങ്കെടുക്കുന്ന യോഗത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

വെടിക്കെട്ട് നിർത്തിവയ്‌ക്കണമെന്ന സമീപനമായിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്നും കഴിഞ്ഞ തവണയുണ്ടായത്. ഇതേത്തുടർന്ന് രാത്രിയിലെ വെടിക്കെട്ട് തിരുവമ്പാടി ദേവസ്വം നിർത്തി വയ്‌ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. തുടർന്ന് രാത്രി നടത്തേണ്ട വെടിക്കെട്ട് രാവിലെയാണ് ദേവസ്വം നടത്തിയത്. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് നേരത്തെ യോഗം ചേർന്ന് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നത്.

Share
Leave a Comment