തൃശൂർ; ഹിവാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസൻ റിമാൻഡിൽ. കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണ് ശ്രീനിവാസൻ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഹിവാൻസ് ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന സമയത്താണ് ശ്രീനിവാസനും സുഹൃത്തുക്കളുംം തട്ടിപ്പ് നടത്തിയത്. നിക്ഷേപിക്കുന്ന പണത്തിന്റെ ഇരട്ടി പണം നിശ്ചിത കാലാവധിക്കുള്ളിൽ പിൻവലിക്കുന്ന സമയത്ത് നൽകാമെന്ന് പറഞ്ഞായിരുന്നു ശ്രീനിവാസനും സുഹൃത്തും പണം തട്ടിയത്. സംഭവത്തിൽ പ്രമുഖ വ്യവസായിയായ ടി എ സുന്ദർ മേനോനെയും ഇവരുടെ സുഹൃത്തിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തൃശൂർ വെസ്റ്റ് പൊലീസ് അന്വേഷിച്ചിരുന്ന കേസുകൾ പിന്നീട് സി ബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനിവാസൻ പിടിയിലായത്. BUDS ആക്ട് പ്രകാരം പ്രതികളുടേയും മറ്റു ഡയറക്ടർ മാരുടേയും സ്വത്തുക്കൾ മരവിപ്പിച്ചിട്ടുണ്ട്. സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.















