പാരിസ്: ഒളിമ്പിക്സ് ഗുസ്തിയിൽ വെള്ളിമെഡൽ ആവശ്യപ്പെട്ടുള്ള വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് വീണ്ടും നീട്ടി കായിക തർക്ക പരിഹാര കോടതി. നിരവധി തവണ മാറ്റിവച്ച വിധി പ്രസ്താവമാണ് വീണ്ടും 16-ലേക്ക് നീട്ടിയത്. പാരിസ് സമയം വൈകിട്ട് ആറിനാകും വിധി പറയുക.
ഒളിമ്പിക്സ് അവസാനിക്കും മുൻപ് വിധി പറയുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതാണ് മൂന്നാം നീട്ടിയത്. ഇതോടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നടത്താനിരുന്ന വാർത്താ സമ്മേളനം മാറ്റി. ഇന്ത്യൻ സമയം രാത്രി 9.30നകം വിധി പറയുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ഗുസ്തി ഫൈനലിലേക്ക് യോഗ്യത നേടിയതിനു പിന്നാലെ 100 ഗ്രാം ഭാരക്കൂടുതലിന്റെ പേരിലാണ് വിനേഷിനെ അയോഗ്യതയാക്കുന്നത്. ഇതിനെതിരെയാണ് ഗുസ്തി താരം അപ്പീൽ സമർപ്പിച്ചത്. വെള്ളി മെഡലിന് അർഹതയുണ്ടെന്നും താരം വാദിച്ചിരുന്നു. ഇന്ത്യക്ക് ഉറപ്പായിരുന്ന ഒരു മെഡലാണ് നഷ്ടമായത്.