തിരുവനന്തപുരം: സെക്രട്ടറിയേറ്റ് വളപ്പിൽ ജീവനക്കാർ തമ്മിലുണ്ടായ വഴക്കിൽ കേസെടുത്ത് പൊലീസ്. ആറ് ജീവനക്കാർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകരെയും ജീവനക്കാർ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് സെക്രട്ടറിയേറ്റ് കാന്റീനിൽ ഭക്ഷണം കഴിക്കാനെത്തിയ ട്രഷറി ജീവനക്കാരും സെക്രട്ടറിയേറ്റ് ജീവനക്കാരും തമ്മിൽ വാക്കേറ്റം നടന്നത്. കുടിക്കാനുള്ള വെള്ളം ജഗ്ഗിൽ നിറച്ചു വച്ചില്ലെന്ന് പറഞ്ഞ് ട്രഷറി ജീവനക്കാരൻ അമൽ പ്രകോപിതനാവുകയായിരുന്നു. ഇത് പിന്നീട് സംഘർഷത്തിലേക്ക് വഴിവച്ചു.
സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പരാതിയിൽ രണ്ട് ട്രഷറി ജീവനക്കാർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. സംഘർഷം നടത്തിയ ഇരുവിഭാഗക്കാരും സിപിഎം സംഘടനയിൽ ഉൾപ്പെട്ടവരാണെന്നാണ് വിവരം.















