ന്യൂഡൽഹി: സ്വാതന്ത്ര്യദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. സ്കൂളുകളിലും സ്ഥാപനങ്ങളിലും വീടുകളിലും ഇതിനായുള്ള മുന്നൊരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. ഹർ ഘർ തിരംഗ ക്യാമ്പെയ്നിന്റെ ഭാഗമായി ദേശീയ പതാകയും ഉയർത്തി കഴിഞ്ഞു. എന്നാൽ പതാക ഉയർത്തുമ്പോഴും മറ്റും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇത് സംബന്ധിച്ച് സാംസ്കാരിക മന്ത്രാലയം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഫ്ലാഗ് കോഡ‍് അനുസരിച്ച് സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ പതാക ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ..
- ദീർഘചതുരാകൃതിയിൽ ആയിരിക്കണം ദേശീയ പതാക. പതാകയുടെ നീളവും ഉയരവും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.
- കൈകൊണ്ട് നെയ്ത കമ്പിളി/പരുത്തി/പട്ട്/ ഖാദി എന്നിവ കൊണ്ടാകണം പതാക നിർമിക്കാൻ
- പതാകയിൽ മറ്റ് അക്ഷരങ്ങളോ ചിഹ്നങ്ങളോ പ്രിന്റ് ചെയ്യരുത്
- ശവസംസ്കാര ചടങ്ങിൽ ദേശീയ പതാക ഉപയോഗിക്കാൻ പാടില്ല
- യൂണിഫോമായോ മറ്റ് വേഷങ്ങളിലോ ഉപയോഗിക്കരുത്
- തലയണകൾ, തൂവാലകൾ, നാപ്കിനുകൾ തുടങ്ങിയവയിൽ ദേശീയ പതാക പ്രിന്റ് ചെയ്യരുത്
- മേശ വിരിയായോ തറയിൽ വിരിക്കുകയോ ചെയ്യരുത്
- വാഹനങ്ങളിൽ ദേശീയ പതാക കെട്ടാൻ പാടില്ല
- കേട് സംഭവിച്ചതും പഴകിയതുമായ പതാക കെട്ടാൻ പാടില്ല
- അലങ്കാര വസ്തുവായും റിബൺ രൂപത്തിൽ വളച്ചും ദേശീയ പതാക കെട്ടരുത്
- പതാക ഉയർത്തുമ്പോൾ വേഗത്തിലും താഴ്‌ത്തുമ്പോൾ സാവധാനത്തിലും വേണം















