കൊച്ചി: പിറന്നാൾ ആഘോഷത്തിന് വാങ്ങിയ ബലൂണിൽ ‘ഐ ലവ് യു പാകിസ്താൻ’ എന്ന എഴുത്തും പതാകയും കണ്ടതായി ഏരൂർ സ്വദേശിയുടെ പരാതി. മകന്റെ പിറന്നാളാഘോഷത്തിന് വാങ്ങിയ ബലൂണിലാണ് പാക് പതാകയും എഴുത്തും കണ്ടത്. യുവാവിന്റെ പരാതിയിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് അന്വേഷണം തുടങ്ങി.
കാസർകോട് സ്വദേശിയുടെ കടയിൽ നിന്ന് തിങ്കളാഴ്ചയാണ് യുവാവ് ബലൂണുകൾ വാങ്ങിയത്. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി വീർപ്പിച്ച് നോക്കിയപ്പോഴാണ് വെളുത്ത ബലൂണിൽ പതാകയും എഴുത്തും ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കടയിൽ എത്തി ബലൂണുകളെല്ലാം കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ നിർദ്ദേശ പ്രകാരം കട അടച്ചു.
എന്നാൽ കടയുടമയ്‌ക്ക് എതിരെ കേസ് എടുക്കാൻ പൊലീസ് തയ്യാറായില്ല. കുന്നംകുളത്ത് നിന്ന് മൊത്തമായി വാങ്ങിയതാണ് ബലൂണുകളെന്ന് കടയുടമ മൊഴി നൽകി. ബലൂൺ പാക്കറ്റിൽ നിർമ്മാതാവിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു