തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപ ധനസഹായം നൽകും. സാധാരണ പ്രകൃതി ദുരന്തങ്ങളിൽ മരണപ്പെടുന്നവർക്ക് നാല് ലക്ഷം രൂപയാണ് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ (എസ്ഡിആർഎഫ്) നിന്നും അനുവദിക്കുന്നത്. ഇതിന് പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ കൂടി അനുവദിക്കാനാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
60 ശതമാനത്തിലധികം അംഗവൈകല്യം വന്നവർക്ക് 75,000 രൂപ നൽകും. സാധാരണ നൽകുന്ന തുകയ്‌ക്ക് പുറമേയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യം ബാധിച്ചവർക്ക് 50,000 രൂപ അധികമായി നൽകും. ഗുരുതരമായി പരിക്ക് പറ്റിയവർക്ക് 50000 രൂപയും അധികധനസഹായമായി അനുവദിക്കും.
മരണപ്പെട്ടവരുടെ ആശ്രിതർക്കുളള ധനസഹായം സാക്ഷ്യപത്രം അടിസ്ഥാനമാക്കി അടുത്ത ബന്ധുക്കൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അധികാരത്തിന് വിധേയമായി നൽകും. നേരത്തെ കോവിഡ് സമയത്ത് ഇതേ രീതി സ്വീകരിച്ചിട്ടുണ്ടെന്നും അത് ഇപ്പോഴും തുടരാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാര്യ, ഭർത്താവ്, മക്കൾ, മാതാപിതാക്കൾ ഇവർക്കെല്ലാം നഷ്ടപരിഹാരം ലഭിക്കും. സഹോദരനും സഹോദരിയും ആശ്രിതരാണെങ്കിൽ നഷ്ടപരിഹാരം ലഭിക്കും.
പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് മുൻപ് ആക്ഷേപം ഉന്നയിക്കുന്നതിനുളള നോട്ടീസ് സമയപരിധിയായ 30 ദിവസം പൂർണമായി ഒഴിവാക്കും. പെട്ടിമുടി ദുരന്തത്തിൽ കാണാതായവരുടെ കാര്യത്തിൽ ചെയ്തതുപോലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിലും പൊലീസ് നടപടി പൂർത്തിയാക്കി പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയിൽ നിന്ന് 151 മൃതദേഹങ്ങളും നിലമ്പൂരിൽ നിന്ന് 80 മൃതദേഹങ്ങളുമാണ് കണ്ടെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 39 ശരീരഭാഗങ്ങൾ മേപ്പാടിയിൽ നിന്നും നിലമ്പൂരിൽ നിന്ന് 172 ശരീരഭാഗങ്ങളും കണ്ടെത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.















