തൃശൂർ: ചേലക്കരയിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദ്ദനം. വെങ്ങാനെല്ലൂർ സ്വദേശി നെല്ലിപ്പറമ്പിൽ അനീഷിനെയാണ് ആൾക്കൂട്ടം മർദ്ദിച്ചത്. ഉദുവടി പള്ളിക്ക് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം.
ചേലക്കരയിൽ നിന്നും ഓട്ടോ വിളിച്ചു പോയ ഉദുവടി സ്വദേശിയായ യാത്രക്കാരന്റെ നേതൃത്വത്തിലായിരുന്നു ആൾക്കൂട്ടം മർദ്ദിച്ചതെന്ന് അനീഷ് പറഞ്ഞു. അക്രമികൾ ഓട്ടോയുടെ ഗ്ലാസ് തല്ലിതകർക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തിൽ പരിക്കേറ്റ അനീഷ് ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദനത്തിൽ ഇയാളുടെ ശരീരത്തിൽ പല ഭാഗത്തും ക്ഷതമേറ്റിട്ടുണ്ട്. ആൾക്കൂട്ടം മർദ്ദിക്കാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ അനീഷ് പൊലീസിന് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.















