മനുഷ്യചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിനങ്ങളിൽ ഒന്നാണ് 1947 ഭാരത വിഭജനം . 1947 ആഗസ്റ്റ് 15-ന് രാവിലെ, ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ സ്വന്തം നാട്ടിൽ നിന്ന് ബലപ്രയോഗത്തിലൂടെ പുറത്താക്കപ്പെട്ടു, അവർ ഇന്ത്യ എന്ന ആശ്രയ സ്ഥാനത്തേക്ക് അഭയാർത്ഥികളായി തീവണ്ടികളിലും, കുതിരപ്പുറത്തും, കാൽനടയായും യാത്ര ആരംഭിച്ചു, ചരിത്രം രേഖപെടുത്തിയ ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹം. മതം മാത്രമായിരുന്നു ഇതിനു കാരണം.
വിഭജനത്തോടൊപ്പമുണ്ടായ അക്രമങ്ങളും കലാപങ്ങളും ഏകദേശം രണ്ട് ദശലക്ഷത്തോളം ജീവൻ അപഹരിക്കുകയും 15 ദശലക്ഷം ആളുകളെ അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യുവാൻ നിർബന്ധിക്കുകയും ചെയ്തു,
സാംസ്കാരികവും സാമുദായികവുമായ വൈവിധ്യങ്ങളാൽ സമ്പന്നമായ ഒരു പ്രദേശമായ പഞ്ചാബ്, വിഭജനം മൂലം വളരെ ബുദ്ധിമുട്ടിലായി. ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും താമസിക്കുന്ന ഈ പ്രവിശ്യയെ കിഴക്കൻ പഞ്ചാബ് (ഇന്ത്യൻ പഞ്ചാബ്), പടിഞ്ഞാറൻ പഞ്ചാബ് (പാകിസ്ഥാൻ പഞ്ചാബ്) എന്നിങ്ങനെ വിഭജിച്ചു. അഞ്ച് നദികളുടെ പഞ്ചാബ് എന്ന് നാം അഭിമാനം കൊണ്ടിരുന്ന ആ നാട് വിഭജിക്കപ്പെട്ടു. സത്‌ലജ്, രവി, ബിയാസ് തുടങ്ങിയ നദികൾ ഇന്ത്യൻ പഞ്ചാബിലും, ചെനാബും ഝലവും പാക്കിസ്ഥാനി പഞ്ചാബിലേക്ക് ഒഴുകി.
റാവൽപിണ്ടിയിൽ മാത്രം ഒരുലക്ഷത്തിലധികം ഹിന്ദുക്കൾ കൂട്ടക്കൊലക്ക് വിധേയരായി. 20 ലക്ഷം ഹിന്ദുക്കൾ കൊല്ലപ്പെട്ടു ഇന്നത്തെ പാക്കിസ്ഥാനിലും ബഗ്ലാദേശിലുമായി. ഒരുമിച്ച് നിന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി ഒടുവിൽ പരസ്പരം ഏറ്റുമുട്ടി കൊല്ലപ്പെട്ട ഒരു ജനതയുടെ ചരിത്രംകൂടിയാണ് ഭാരത സ്വാതന്ത്യസമരം.
ലക്ഷകണക്കിനു ഹിന്ദുക്കളാണ് അഭയാർത്ഥികളായി എത്തിയത്. ഔദ്യോഗിക സംവിധാനങ്ങളും നേതാക്കളും കയ്യൊഴിഞ്ഞ ഹിന്ദു അഭയാർത്ഥികളെ സംരക്ഷിക്കാൻ സ്വയം സേവകർ മാത്രമാണ് ഉണ്ടായത്. വിഭജനത്തെ തുടന്ന് ഒഴുകിയെത്തിയ അഭയാർത്ഥികൾക്കായി സ്വയം സേവകർ ക്യാമ്പുകൾ ഒരുക്കി. ഭക്ഷണവും മരുന്നും വസ്ത്രവും എത്തിച്ചു. പുരുഷാർത്ഥി സഹായത സമിതി എന്നപേരിൽ ആണ് സ്വയം സേവകർ ആ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
പാകിസ്താനിൽ നിന്നും മാത്രമല്ല അഭയാർത്ഥി പ്രവാഹം. പഷ്തൂൺ മുസ്ലീം നുഴഞ്ഞുകയറ്റകാരുടെ കൂടെ പാക് പട്ടാളവും ശ്രീനഗറിലേക്ക് കടന്ന് കയറിയതോടെ പൂഞ്ച് റജൗറി മേഖലകളിൽ നിന്നും ഹിന്ദുക്കൾ ജമ്മുവിലേക്ക് കൂട്ടപ്പാലായനം ചെയ്തു. 30000 ഹിന്ദുക്കൾ ആ മേഖലയിൽ കൊല്ലപ്പെട്ടു എന്ന് ഔദ്യോഗിക കണക്ക്. അഭയാർത്ഥികളായി ജമ്മു മേഖലയിൽ എത്തിയവർക്കായി വൈദ്യ സഹായവും താമസവും ഭക്ഷണവും ഒരുക്കിയതും പിന്നീട് അവർക്ക് വിദ്യാഭ്യാസവും വീടും നൽകിയതും സ്വയംസേവകരുടെ കൂട്ടായ്മയാണ്.
സുരുചി പ്രകാശൻ പ്രസിദ്ധീകരിച്ച മണിക് ചന്ദ്ര വാജ്പേയിയും ശ്രീധർ പരാദ്കറും ചേർന്നെഴുതിയ
ज्योति जला निज प्राण की” (Jyoti Jalaa Nij Praan Kii) എന്ന പുസ്തകം നാം ഓരോരുത്തരും വായിക്കേണ്ടതാണ്. വിഭജനത്തിന്റ അർദ്ധരാത്രിയിലെ കൂട്ടകുരുതിയിൽ നിന്നും പ്രാണനും കൊണ്ട് അതിർത്തി കടന്നെത്തിയ ഹിന്ദുംസമാജത്തെ നെഞ്ചോട് ചേർത്ത്പിടിച്ച ആയിരക്കണക്കിന് സ്വയംസേവകരുടെ ധീരോദാത്തമായ ബലിദാനത്തിന്റേയും ദേശസ്നേഹത്തിന്റേയു സേവന മനസ്സിന്റേയു ചരിത്രം രേഖപെടുത്തിയ പുസ്തകമാണത് . ലോക ചരിത്രത്തിൽ അതിനു മുൻപോ ശേഷമോ സമാനമായ സംഭവം ഉണ്ടായിട്ടില്ല.
സ്വന്തം വീട് മുസ്ലീ തീവ്രവാദികൾ കത്തിക്കുമ്പോഴും മറ്റുള്ളവരെ രക്ഷപെടുത്താൻ, യുവാക്കളെ കൂട്ടി ഗ്രാമത്തിന് കാവൽ നിൽക്കാൻ, സഹോദരിമാരുടെ മാനം കാക്കാൻ, രാത്രിയുടെ യാമങ്ങളിൽ ഇന്ത്യൻ സൈന്യം എയർ ഡ്രോപ് ചെയ്ത ആയുധങ്ങൾ സംഭരിച്ച് സൈന്യത്തിന് എത്തിച്ച് നൽകാൻ, പാക്ക് പട്ടാളത്തിന് എതിരെ ഇന്ത്യൻ സൈനികർക്ക് യുദ്ധസാമഗ്രികൾ എത്തിച്ച് സൈന്യത്തിന് കരുത്ത് പകർന്ന്, എയർഫോഴ്സ് വിമാനമിറങ്ങാൻ മഞ്ഞ് മൂടിയ റൺ വെ ഒറ്റരാത്രികൊണ്ട് വൃത്തിയാക്കാൻ നേതൃത്വം നൽകി, അങ്ങിനെ ഒരായിരം സംഭവങ്ങൾ ആ പുസ്തകത്തിൽ നമുക്ക് കാണാം.
ആഗസ്റ്റ് 15-ന്റെ ഓർമ്മകൾ ഇപ്പോഴും വിഭജനത്തിന്റെ ഭീകരതയുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റങ്ങളിലൊന്നാണ്.
ഈ ദിനം ഓർക്കാൻ കഴിഞ്ഞകാലങ്ങളിലെ ഭരണകൂടങ്ങൾക്ക് താൽപര്യമില്ലായിരുന്നു. പാഠപുസ്തകങ്ങളിൽ നാം പഠിച്ച ചരിത്ര ഭാഗങ്ങളിൽ ഈ ക്രൂരതയുടെ വിവരം നമുക്ക് ലഭിച്ചില്ല. നമുക്കു സമാധാനമായി സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ഒറ്റരാത്രികൊണ്ട് ജീവിതം ഇല്ലാതായ ലക്ഷക്കണക്കിന് സഹോദരങ്ങളുടെ ജീവത്യാഗം ഓർക്കാതെ നാം സ്വാതന്ത്ര്യദിനങ്ങൾ ആഘോഷിച്ചു.
വിഭജന ഭീതിയുടെ അനുസ്മരണ ദിനം ആചരിക്കുമ്പോൾ , അത് വിഭജനം നൽകിയ ആഘാതത്തിന്റെ സാക്ഷ്യപത്രമായി ചരിത്രത്തിലെ ആ ഇരുണ്ട അധ്യായം ഓർമ്മിക്കാനും പഠിക്കാനുമുള്ള പ്രതിജ്ഞയായി മാറണം.
എഴുതിയത് :
വിപിൻ കൂടിയേടത്ത്
ഫോൺ : 9447540901















