കേരളത്തിന് തന്നെ അപകടമാകുന്ന മുല്ലപ്പെരിയാർ ഡാം ഉടൻ പൊളിച്ചു മാറ്റണമെന്ന് ബിജെപി നേതാവ് പി.സി ജോർജ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യമാണ്. ആയുസ്സ് കഴിഞ്ഞ ഡാം വെച്ചുകൊണ്ടിരിക്കാതെ പുതിയ ഡാം പണിയാൻ പിണറായി സർക്കാർ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
“മുല്ലപ്പെരിയാർ ഡാം പൊട്ടുവോ, ഇല്ലയോ എന്നതാണ് ജനങ്ങൾക്കിടയിലെ ചർച്ച. ഒരു ഭയവും വേണ്ട, മുല്ലപ്പെരിയാർ ഡാമിന് ഒരു പ്രശ്നവും ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇടുക്കി ജില്ലക്കാരനായ മന്ത്രി റോഷി അഗസ്റ്റിന് എംഎൽഎ ആയിരുന്നപ്പോൾ കുറച്ചൊക്കെ സത്യവും നന്മയും ഉണ്ടായിരുന്നു. മന്ത്രിയായപ്പോൾ അത് നഷ്ടമായി. മുല്ലപ്പെരിയാറിന് ഒരു കുഴപ്പവുമില്ല എന്ന് റോഷി അഗസ്റ്റിനും പറയുന്നു. 130 വർഷമായി ഈ ഡാം അവിടെ പണിതു വെച്ചിട്ട്. 50 വർഷത്തിൽ കൂടുതൽ ഒരു ഡാമിനും ആയുസ്സില്ല എന്ന ശാസ്ത്രലോകം പറയുമ്പോഴാണ് മുല്ലപ്പെരിയാറിന് ഒരു കുഴപ്പവുമില്ല എന്ന് മുഖ്യമന്ത്രി പറയുന്നത്”.
“എത്രയും വേഗം മുല്ലപ്പെരിയാർ ഡാം പൊളിച്ചു മാറ്റണം. 35 ലക്ഷത്തോളം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണം. പുതിയ ഡാം നിർമ്മിക്കാൻ സ്ഥലം കണ്ടെത്തിയതാണ്. എന്തുകൊണ്ട് അവിടെ പുതിയ ഡാം പണിയുന്നില്ല. തമിഴ്നാടിന് വെള്ളം കൊടുക്കേണ്ട എന്നല്ല. തമിഴ്നാടിന് വെള്ളവും കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും ഉറപ്പാക്കണം. 5 ജില്ലകളിലെ ജനങ്ങൾക്ക് ഭീഷണിയാവുന്ന തരത്തിൽ ഒരു ഡാം പൊട്ടുന്ന സാഹചര്യം ഒന്ന് വിലയിരുത്തണം”-പിസി ജോർജ് പറഞ്ഞു.















