തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം അനാർഭാടമായി ആഘേഷിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.
ഇതിനുപുറമെ സായി ട്രസ്റ്റുമായി ചേർന്ന് കൊണ്ട് ഫ്രീ ഡയാലിസിസ് പദ്ധതി മൂന്ന് സെന്ററുകളിലായി നടത്തും. ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. ജീവനക്കാരുടെ മക്കൾക്കായി പ്രതിഭാ സംഗമവും സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലക്കലിൽ ക്യാൻ ഫാക്ടറി നിർമാണം ദേവസ്വം ബോർഡിന്റെ പരിഗണനയിലുണ്ട്. രണ്ട് ക്ഷേത്രങ്ങളിൽ ഡിജിറ്റൽ കാണിക്ക നടപ്പിലാക്കിയിരുന്നു. ഇത് ഘട്ടം ഘട്ടമായി മറ്റ് ക്ഷേത്രങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളും. ഒരു വർഷത്തിനുള്ളിൽ സമ്പൂർണ ഡിജിറ്റലൈസേഷനാണ് ലക്ഷ്യമെന്നും പ്രശാന്ത് അറിയിച്ചു.
ശബരിമല വെർച്ച്വൽ ക്യൂ 80,000 ആക്കാനും പരമാവധി വാഹനങ്ങൾ നിലക്കലിൽ തന്നെ പാർക്ക് ചെയ്യാനുള്ള സംവിധാനങ്ങൾ ക്രമീകരിക്കുന്നതും പരിഗണനയിലുണ്ട്. 5,000 പേർക്ക് കൂടി വിരിവയ്‌ക്കാനുള്ള സൗകര്യം പമ്പയിൽ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.