കായംകുളം: ഉപയോഗിച്ച സിറിഞ്ച് സൂചി ഏഴ് വയസുകാരന്റെ തുടയിൽ തുളച്ചുകയറി. സംഭവത്തിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. കായംകുളം താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ചെത്തിയ ഏഴുവയസുകാരനാണ് ദുരനുഭവമുണ്ടായത്.
ചിറക്കടവം സ്വദേശികളായ കുടുംബം ആരോഗ്യവകുപ്പിനെ സമീപിച്ചെങ്കിലും ഇടപെട്ടില്ലെന്നാണ് പരാതി. ഉപയോഗിച്ച സൂചി തുളച്ചുകയറിയ സാഹചര്യത്തിൽ അടുത്ത 14 വർഷത്തോളം കുട്ടിക്ക് എച്ച്ഐവി അടക്കമുള്ള പരിശോധനകൾ തുടർച്ചയായി ചെയ്യേണ്ടതുണ്ട്.
കഴിഞ്ഞ മാസം 19നായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിലെ കട്ടിലിൽ കുട്ടിയെ കിടത്തിയപ്പോഴാണ് സിറിഞ്ച് തുടയിൽ തുളച്ചുകയറിയത്. മറ്റേതോ രോഗിക്ക് കുത്തിവെപ്പ് നടത്തിയതിന് ശേഷം ഉപേക്ഷിച്ച സൂചിയായിരുന്നു ഏഴുവയസുകാരന്റെ തുടയ്‌ക്ക് മുകളിൽ തറച്ചത്. ആശുപത്രി സൂപ്രണ്ടിനും ജില്ലാ കളക്ടറിനും അടക്കം പരാതി നൽകിയിട്ടുണ്ടെങ്കിലും ആരും പ്രതികരിച്ചില്ലെന്നാണ് കുടുംബം പറയുന്നത്.
ഏതുരോഗിയെ കുത്തിവച്ച സിറിഞ്ചാണ് കുഞ്ഞിന്റെ ശരീരത്തിൽ തുളഞ്ഞുകയറിയതെന്നും ആശുപത്രി അധികൃതർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയെ വണ്ടാനം മെഡിക്കൽ കോളേജിലെത്തിച്ച് ഡെങ്കിപ്പനി, എച്ച്1എൻ1 ഉൾപ്പടെയുള്ള പരിശോധനകൾ നടത്തി. എന്നാൽ എച്ച്ഐവി പരിശോധന നടത്തണമെങ്കിൽ സ്വകാര്യ ലാബുകളെ ആശ്രയിക്കണം. ഈ സാഹചര്യത്തിലാണ് അടുത്ത 14 വർഷവും എച്ച്ഐവി പരിശോധന നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. സംഭവത്തിൽ കായംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്.















