പാരിസ്: ഒളിമ്പിക്സ് ഗുസ്തിയിൽ വിനേഷ് ഫോഗട്ടിന് വെള്ളി മെഡൽ ഇല്ല. അന്താരാഷ്‌ട്ര കായിക കോടതി അപ്പീൽ തള്ളിയതായാണ് സൂചന. ഔദ്യോഗികമായ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പ്രധാനപ്പെട്ട വ്യക്തികളെ ഇക്കാര്യം അറിയിച്ചുവെന്നാണ് വിവരം. കായിക കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വൈകാതെ വിവരം പങ്കുവയ്‌ക്കുമെന്നാണ് റിപ്പോർട്ട്.
50 കിലോ ഗ്രാം ഗുസ്തി വിഭാഗത്തിൽ ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന ഭാരപരിശോധനയിലായിരുന്നു വിനേഷ് ഫോഗട്ട് പരാജയപ്പെട്ടത്. 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടതോടെ ഗുസ്തി താരം അയോഗ്യയാക്കപ്പെടുകയായിരുന്നു. ഇതോടെ വിനേഷിന് ലഭിച്ച വെള്ളി മെഡലും നഷ്ടപ്പെട്ടു. തുടർന്നായിരുന്നു കായിക കോടതിയെ സമീപിച്ചത്.