മസ്കത്ത്: ഒമാനിൽ നിയമലംഘകരായ പ്രവാസികൾക്ക് പിഴയൊടുക്കി തെറ്റ് തിരുത്താൻ അവസരം. വിസ നിയമപ്രകാരമാക്കാനുള്ള അവസരം ഉപയോഗിക്കാതെ നിയമലംഘനം തുടർന്നാൽ നാടുകടത്തുമെന്നു തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ഇവർക്ക് പിന്നീട് ഒമാനിലേക്കു തിരികെ വരാൻ അനുവാദമില്ല.
നിയമലംഘകരെ നാടുകടത്തുന്നതിനുള്ള ചെലവ് തൊഴിലുടമയോ സ്ഥാപനമോ വഹിക്കണം. സ്വദേശികൾക്കു നിശ്ചയിച്ചിട്ടുള്ള തസ്തികയിൽ പ്രവാസികൾ ജോലി ചെയ്യുന്നത് നിയമ ലംഘനമാണ്. ഇത്തരം തെറ്റുകൾക്ക് 1,000 റിയാൽ പിഴ അടച്ച് നിയമ നടപടികളിൽ നിന്ന് ഒഴിവാകാം.
നിയമ ലംഘകരുടെ അഭ്യർഥന മന്ത്രാലയം അംഗീകരിച്ചാൽ, ഒത്തുതീർപ്പിനുള്ള പിഴ 15 ദിവസത്തിനുള്ളിൽ അടയ്ക്കണം. കുറ്റത്തിനുള്ള പരമാവധി പിഴയുടെ കാൽഭാഗമാണ് അടയ്ക്കേണ്ടത്. അഭ്യർത്ഥന അംഗീകരിച്ച അന്നു മുതലുള്ള 15 ദിവസമാണ് കണക്കാക്കുക. പണം അടച്ചില്ലെങ്കിൽ ഒത്തുതീർപ്പ് അസാധുവാകും. ഒത്തുതീർപ്പിന് അപേക്ഷിച്ചു 15 ദിവസത്തിനുള്ളിൽ മന്ത്രാലയം പ്രതികരിച്ചില്ലെങ്കിൽ അഭ്യർത്ഥന തള്ളിയതായി കണക്കാക്കാമെന്ന് അധികൃതർ അറിയിച്ചു.