ന്യൂഡൽഹി: 78ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം. ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയ ശേഷം രാവിലെ 7.30ഓട പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. മൂന്നാം വട്ടവും കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ പതിനൊന്നാമത്തെ പ്രസംഗമാണിത്. വികസിത ഭാരതം@2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്യദിനത്തിന്റെ പ്രമേയം.
ആദിവാസികൾ, യുവാക്കൾ, കർഷകർ, സ്ത്രീകൾ, വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, വിദ്യാർത്ഥികൾ എന്ന് തുടങ്ങീ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് 6000ത്തോളം പ്രത്യേക ക്ഷണിതാക്കളാണ് ഇക്കുറി ചടങ്ങിൽ പങ്കെടുക്കാനെത്തുന്നത്. പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ അത്‌ലറ്റിക് സംഘവും ചടങ്ങിൽ പങ്കെടുക്കും. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ഉച്ചയോടെ ഇവർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.
പ്രധാനമന്ത്രി മോദിയെ മുതിർന്ന സർക്കാർ, സൈനിക ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. സംയുക്ത സേനാ വിഭാഗവും ഡൽഹി പൊലീസ് ഗാർഡും പ്രധാനമന്ത്രിക്ക് സല്യൂട്ട് നൽകും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും. നാവികസേനയാണ് ഇക്കുറി ഇതിന്റെ ഏകോപനം നടത്തുന്നത്. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന നിമിഷം തന്നെ വ്യോമസേനാ ഹെലികോപ്റ്ററുകളിൽ പുഷ്പവൃഷ്ടി നടത്തും. ഇതിന് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
അതേസമയം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷാ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലുടനീളം 3000ത്തോളം ട്രാഫിക് ഓഫീസർമാരെയും, 10,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 700 എഐ ക്യാമറകളാണും വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റ്, മാളുകൾ, മാർക്കറ്റ് എന്നിവിടങ്ങളിലും കൂടുതൽ പൊലീസിന്റേയും അർദ്ധ സൈനിക വിഭാഗങ്ങളേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. കശ്മീർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചില ഭീകരസംഘങ്ങൾ മേഖലയിൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.