കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ജൂനിയർ വനിതാ ഡോക്ടറുടെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ ആക്രമണം. പുറത്ത് നിന്നെത്തിയ സംഘം പ്രതിഷേധ പന്തലും ആർജി കാർ മെഡിക്കൽ കോളേജും അടിച്ചു തകർത്തു. പൊലീസിനും പ്രതിഷേധകാർക്ക് നേരെയും ആക്രമണമുണ്ടായി.
ഇന്നലെ രാത്രി 11:30നാണ് പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ച് ഒരുകൂട്ടം ആളുകൾ പ്രതിഷേധ പന്തലിലേക്കെത്തിയത്. എന്നാൽ ഡോക്ടർമാർ സമാധാനപരമായി പ്രതിഷേധം നടത്തുന്നതിനിടെ അക്രമാസക്തരായ ആൾകൂട്ടം വാഹനങ്ങൾ അടിച്ചു തകർക്കുകയും ആശുപത്രി കെട്ടിടവും മറ്റും തകർക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച പൊലീസുകാരെയും പ്രതിഷേധക്കാരെയും ആക്രമിച്ചു.
അക്രമികൾ മെഡിക്കൽ വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധക്കാർക്ക് പങ്കില്ലെന്നും പുറത്ത് നിന്നെത്തിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടതെന്നും ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി.
സംഭവത്തിൽ ശക്തമായി അപലപിച്ച് ബംഗാൾ പൊലീസ് കമ്മീഷണർ വിനീത് ഗോയൽ രംഗത്തെത്തി. തെറ്റായ മാദ്ധ്യമ പ്രചാരണമാണ് കൊൽക്കത്തയിൽ നടക്കുന്നതെന്നും പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസിന്റെ ഭാഗത്ത് നിന്ന് ചെയ്യാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന് നേരെയുണ്ടായ ആക്രമണത്തിൽ നടപടി സ്വീകരിക്കുമെന്നും വിനീത് ഗോയൽ വ്യക്തമാക്കി.















