വാഷിംഗ്ടൺ ഡിസി; 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ നിൽക്കുന്ന ഭാരതത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ. എല്ലാവർഷവും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യൻ ജനതയ്‌ക്കൊപ്പം അമേരിക്കയും പങ്കുചേരുന്നുവെന്നും ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണവുമായ ചരിത്രത്തിൽ അമേരിക്കയും ഭാഗമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയാണ് അദ്ദേഹം സ്വാതന്ത്ര്യദിനാശംസകൾ നേർന്നത്.
”ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് എന്റെ ആശംസകൾ അറിയിക്കുന്നു. ഈ സുപ്രധാന ദിനത്തിൽ ഇന്ത്യയിലെ ജനങ്ങളുടെ സന്തോഷത്തിനൊപ്പം അമേരിക്കയും പങ്കുചേരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ സമ്പന്നവും വൈവിധ്യപൂർണവുമായ ചരിത്രവും ശോഭനമായ ഭാവിയും ഞങ്ങളും ആഘോഷിക്കുന്നു.”- ആന്റണി ബ്ലിങ്കൻ കുറിച്ചു.
ഇന്ത്യ-അമേരിക്ക നയതന്ത്രബന്ധം വരും വർഷങ്ങളിലും ശക്തിപ്പെടും. ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിച്ചു വരികയാണെന്നും ഇത് ജനങ്ങൾക്കിടയിൽ സഹവർത്തിത്വത്തിനും സാമ്പത്തിക വ്യവസ്ഥ ഉയർത്തുന്നതിനും ഇടയാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.















