ധാക്ക: ഭാരതത്തിൽ കഴിയുന്ന മുൻ ബംഗ്ളദേശ് പ്രസിഡന്റ് ഷെയ്ഖ് ഹസീനയുമായി ഫോണിൽ സംസാരിച്ചതിന് അവാമി ലീഗ് നേതാവ് അറസ്റ്റിൽ. ബംഗ്ലദേശ് അവാമി ലീഗ് പാർട്ടി പർഗുണ ജില്ലാ ഘടകം ജനറൽ സെക്രട്ടറി ജഹാംഗീർ കബീർ ആണ് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഷെയ്ഖ് ഹസീനയുമായി ഫോൺ സംഭാഷണം നടത്തിയതിന് അറസ്റ്റിലായത്. ഇദ്ദേഹത്തെ ഇന്നലെ രാവിലെ 6 മണിക്ക് അംദാലയിലെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തതായി ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
വൈറലായ ഫോൺ സംഭാഷണത്തെത്തുടർന്ന് ബംഗ്ലാദേശിൽ കലാപം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പർഗുണ സദർ പോലീസ് സ്റ്റേഷൻ ഓഫീസർ റഹ്മാൻ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഫേസ്ബുക്കിൽ പ്രചരിച്ച മൂന്ന് മിനിറ്റ് കോളിൽ, പാർട്ടി പ്രവർത്തനങ്ങൾ അച്ചടക്കത്തോടെ നടത്താൻ ഷെയ്ഖ് ഹസീന കബീറിനോട് നിർദ്ദേശിച്ചതായി ധാക്ക ട്രിബ്യൂൺ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. “വിഷമിക്കേണ്ട, നിങ്ങൾ വിഷമിക്കുകയാണെങ്കിൽ ഞങ്ങൾ ദുർബലരാകും, നമ്മൾ ശക്തരാണ്.” എന്ന് ഈ സംഭാഷണത്തിൽ കബീർ ഹസീനയോട് പറയുന്നുണ്ട്.
ശൈഖ് ഹസീന മറുപടി പറഞ്ഞു, “ഞാൻ എന്തിന് വിഷമിക്കണം, എനിക്ക് ഭയമില്ല. നിങ്ങൾ അച്ചടക്കത്തോടെ പാർട്ടി പ്രവർത്തനങ്ങൾ തുടരും, ആഗസ്ത് 15 (ദേശീയ ദുഃഖാചരണം) ആദരവോടെ ആചരിക്കും.” ഈ നാടിന്റെ രക്തം ചൊരിഞ്ഞാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് സംഭാഷണത്തിൽപരാമർശമുണ്ട്.