12 ഗ്രാമങ്ങൾ പാകിസ്താന് നൽകി ഇന്ത്യ സ്വന്തമാക്കിയ ഗ്രാമമുണ്ട്. ധീര ബലിദാനികളുടെ സ്മരണകൾ ഉറങ്ങുന്ന പഞ്ചാബിലെ ‘ഹുസൈനിവാല. ഈ ഗ്രാമം പക്ഷെ ഇന്ത്യക്ക് തിരിച്ച് കിട്ടിയത് 14 വർഷത്തിന് ശേഷമാണെന്ന് മാത്രം.
ഭാരതത്തിന്റ വീരബലിദാനികളായ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ ശവകുടീരങ്ങൾ ഈ ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. 1931 മാർച്ച് 23ന് ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരെ ലാഹോർ സെൻട്രൽ ജയിലിൽ വെച്ചാണ് ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത്. ഇതൊന്നും ആരും അറിയാതിരിക്കാൻ ബ്രിട്ടീഷ് പട്ടാളക്കാർ മൂവരുടെയും മൃതദേഹങ്ങൾ രഹസ്യമായി ഹുസൈനിവാല ഗ്രാമത്തിലെത്തിച്ച് ദഹിപ്പിക്കാനുള്ള ശ്രമം നടത്തി. ഇതുകണ്ട് ഗ്രാമവാസികൾ ശ്മശാനത്തിൽ ഒത്തുകൂടാൻ തുടങ്ങി. ഇതോടെ പട്ടാളക്കാർ പാതികത്തിയ മൃതദേഹങ്ങൾ ഉപേക്ഷിച്ച് അവിടെ നിന്ന് ഓടിപ്പോയി. പിന്നീട് ഗ്രാമവാസികൾ മൃതദേഹങ്ങൾ ദഹിപ്പിക്കുകയും ധീരരായ ഇവർക്കായി ശവകുടീരം നിർമ്മിക്കുകയും ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ ധീരസ്മരണകൾ ജ്വലിക്കുന്ന ഗ്രാമം പക്ഷെ വിഭജനത്തിന് ശേഷം പാകിസ്താന്റെ ഭാഗമായി. അന്നത്തെ കോൺഗ്രസ് സർക്കാർ പക്ഷെ ഇതൊന്നും കാര്യമാക്കിയില്ല. വർഷങ്ങൾക്ക് ശേഷം, രക്തസാക്ഷികളുടെ കുടുംബങ്ങളും ജനങ്ങളും ഇത് തിരിച്ചെടുക്കണമെന്ന് ആവശ്യം ശക്തമാക്കി. തുടർന്ന് 1961-ൽ 12 ഗ്രാമങ്ങൾക്ക് പകരമായി ഹുസൈനിവാല ഗ്രാമം ഇന്ത്യക്ക് നൽകാൻ പാകിസ്താൻ തയ്യാറായി.
വിഭജനത്തിനുശേഷം, ഹുസൈനിവാല ഗ്രാമം പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ ഭാഗമായിരുന്നു. നിലവിൽ ഈ ഗ്രാമം ഇന്ത്യയിലെ പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയുടെ ഭാഗമാണ്.















