വിദ്യാർത്ഥികളാരും അവിടെയില്ല, അദ്ധ്യാപകരുടെ നീണ്ട പ്രസംഗങ്ങൾക്കോ സ്‌നേഹത്തിൽ ചാലിച്ച മിഠായി വിതരണത്തിനോ ഇന്ന് വെള്ളാർമല സ്‌കൂൾ സാക്ഷ്യം വഹിച്ചില്ല. ഉരുൾപൊട്ടൽ നാശം വിതച്ച ദുരന്തഭൂമിയിൽ സ്വാതന്ത്ര്യ ദിനത്തിലും നിശബ്ദത മാത്രമാണ് തളംകെട്ടി നിൽക്കുന്നതെങ്കിലും, ദു:ഖങ്ങൾ മറച്ചുവച്ച് അവർ ദേശീയപതാക ഉയർത്തി.
ജനപ്രതിനിധികളും പൊലീസുകാരും ചേർന്നാണ് ചൂരൽമലയിൽ ത്രിവർണപതാക ഉയർത്തിയത്. തുടർന്ന് ദേശീയഗാനം ദുരന്ത ഭൂമിയിൽ അലയടിച്ചു. ഒറ്റക്കെട്ടായി ദുരിതബാധിതരെ കരകയറ്റാനുള്ള ശ്രമത്തിലാണ് കേരളക്കര. ലളിതമായ രീതിയിൽ വയനാട്ടിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചു.
അതേസമയം ഇന്നും മൃതദേഹങ്ങൾക്കായുള്ള ജനകീയ തെരച്ചിൽ തുടരുകയാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മരണപ്പെട്ടവരെ വേദനയോടെ ഓർത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും സ്വാതന്ത്ര്യദിനത്തിലെ പ്രസംഗം ആരംഭിച്ചത്.
ദുരിതബാധിതരെ ചേർത്തുപിടിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്നും കേന്ദ്രസർക്കാർ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. നാടിന്റെ പൊതുവായ അതിജീവനത്തിനായുള്ളതാകണം ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.















