ആഫ്രിക്കൻ രാജ്യങ്ങളിൽ മങ്കിപോക്സ് വ്യാപനം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യപിച്ച് ലോകാരോഗ്യ സംഘടന
ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ മങ്കിപോക്സ് വ്യാപിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ 450 ൽ അധികം ആളുകളാണ് വൈറസ് ബാധിച്ച് മരിച്ചത്. പതിനായിരക്കണക്കിന് ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ കടുത്ത ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് ആഗോള ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. രണ്ടാം തവണയാണ് മങ്കി പോക്സിന്റെ കാര്യത്തിൽ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
എന്താണ് മങ്കിപോക്‌സ്?
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട മങ്കി പോക്സിന് വസൂരി ലക്ഷണങ്ങളുമായി സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ മങ്കി പോക്സ് ആദ്യമായി കണ്ടെത്തിയത്.
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മങ്കി പോക്സ് പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ മങ്കി പോക്സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. രോഗത്തിന് ഇതുവരെ പ്രത്യേക ചികിത്സയൊന്നും കണ്ടെത്തിയിട്ടില്ല. ലക്ഷണങ്ങൾക്കനുസൃതമായ ചികിത്സ നൽകാനാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്.















