തിരുവന്തപുരം: പൂവാറിൽ ഗൃഹനാഥനെതിരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. സർക്കാർ ജീവനക്കാരനായിരുന്ന വിക്രമനാണ് മർദ്ദനമേറ്റത്. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് 64കാരനായ വിക്രമൻ പറഞ്ഞു.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. മതിൽ ചാടിയെത്തിയ സംഘം വീടിനുള്ളിൽ അതിക്രമിച്ച് കയറി വിക്രമനെ ആക്രമിക്കുകയായിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് സംഭവം നടന്നത്. തടിക്കഷ്ണം ഉപയോഗിച്ചാണ് മർദ്ദിച്ചതെന്നും രാത്രിയായതിനാൽ അയൽവാസികൾ അറിഞ്ഞില്ലെന്നും വിക്രമൻ പറഞ്ഞു.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പരിക്കേറ്റ വിക്രമൻ മെഡിക്കൽ കേളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇയാളുടെ മുഖത്തിനാണ് പരിക്കേറ്റത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.















