തിരുവനന്തപുരം: രാജ്യത്തിന്‍റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം ആഘോഷമാക്കി കേരളം. രാജ്ഭവനിൽ ഗവർണ്ണർ ദേശീയ പതാക ഉയർത്തി. തിരുവനന്തപുരത്ത് മുഖ്യമത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി പരേഡിന് സല്യൂട്ട് സ്വീകരിച്ചു. വയനാട് ദുരന്ത പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിലാണ് സ്വാതന്ത്ര്യ ദിന ആഘോഷം നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷമിച്ചിരുന്നാൽ മതിയാവില്ലെന്നും അതിജീവിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തിയത്. കനത്ത മഴയ്‌ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. വയനാട് ദുരന്തത്തിൽ ഒപ്പം നിന്നവർക്ക് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.
തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷം പൊലീസ് ആസ്ഥാനത്തെ അഡീഷണൽ ഡി ജി പി എസ് ശ്രീജിത്ത് സേനാംഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ ഓഫീസിൽ ഡിവിഷണൽ മാനേജർ ഡോക്ടർ മനീഷ് തപ്ല്യൽ ദേശീയ പതാക ഉയർത്തി.
കൊല്ലം ആശ്രാമത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ, മേയർ, ഉൾപ്പടെ ഉള്ളവർ പങ്കെടുത്തു. പ്രതിസന്ധികളെ നേരിട്ട് കേരളം മുന്നോട്ട് പോകുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു വയനാട് ദുരന്തത്തിൽ സമഗ്രമായ പുനരധിവാസമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ മന്ത്രി സജി ചെറിയാൻ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. കോട്ടയം ജില്ലയിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയർത്തി. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഇടുക്കി ഐ.ഡി.എ മൈതാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ദേശീയപതാക ഉയർത്തി. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമെന്നും ഇക്കാര്യത്തിൽ സാധ്യമായതെല്ലാം സംസ്ഥാന സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മന്ത്രി പി. രാജീവ് ദേശീയ പതാക ഉയര്‍ത്തി. ജില്ലാ കളക്ര്‍ എന്‍.എസ്.കെ ഉമേഷ്, കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. ശ്യാം സുന്ദർ എന്നിവര്‍ പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. തൃശൂർ ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ തേക്കിന്‍ക്കാട് മൈതാനം വിദ്യാര്‍ഥി കോര്‍ണറില്‍ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. പാലക്കാട് കോട്ടമൈതാനിയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.
മലപ്പുറം എം എസ് പി മൈതാനത്ത് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ റവന്യൂ മന്ത്രി കെ രാജൻ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷനിലെ യുദ്ധസ്മാരകത്തിൽ മന്ത്രി പുഷ്പ ചക്രം അർപ്പിച്ചു. കോഴിക്കോട് വിക്രം മൈതാനിയിൽ നടന്ന സ്വാതന്ത്രദിനാഘോഷത്തിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. വയനാട്ടിൽ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പട്ടികവര്‍ഗ്ഗ-പട്ടികജാതി-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പതാക ഉയര്‍ത്തി. രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. കാസർകോഡ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി പതാക ഉയർത്തി.















