കോഴിക്കോട്: തെരഞ്ഞെടുപ്പുകളിൽ ഏറ്റവുമധികം വർഗീയത പ്രയോഗിക്കുന്നവരാണ് ഇടതുപക്ഷമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കാഫിർ പ്രയോഗത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സ്വന്തം പാർട്ടിക്കാർക്കെതിരെ നടപടിയെടുക്കാൻ സിപിഎം തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.
“തെരഞ്ഞെടുപ്പുകളിൽ ഏറ്റവുമധികം വർഗീയത പ്രയോഗിക്കുന്നവരാണ് ഇടതുപക്ഷം. പ്രത്യേകിച്ച് മാർക്സിസ്റ്റ് പാർട്ടി. പറയുന്നത് മുഴുവൻ മതനിരപേക്ഷതയെ കുറിച്ച് ആണെങ്കിലും പച്ചയായ വർഗീയത കാണിക്കുന്നതിൽ അവർക്ക് യാതൊരു മടിയുമില്ല. യുഡിഎഫിന്റെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. കേരളത്തിലെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ ശ്രമിച്ച് ലാഭമുണ്ടാക്കുന്നത് എൽഡിഎഫും യുഡിഎഫുമാണ്. അതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് വടകരയിൽ കണ്ടത്. തെരഞ്ഞെടുപ്പ് കാലത്ത് ഇക്കാര്യം വളരെ ശക്തമായി ബിജെപി ഉന്നയിച്ചിരുന്നു.
ഇപ്പോൾ കാഫിർ പ്രയോഗമാണ് പ്രധാനമായി ഉയർന്നുവന്നിട്ടുള്ളതെങ്കിലും വടകരയിൽ വർഗീയത നല്ലപോലെ പ്രയോഗിച്ചവരാണ് ഇരുമുന്നണികളും. യുഡിഎഫ് പച്ചയായ വർഗീയത കാണിച്ചപ്പോൾ എൽഡിഎഫ് അതിനേക്കാൾ നീചമായ വർഗീയതയാണ് കാണിക്കാൻ ശ്രമിച്ചത്. വർഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പിൽ ലാഭമുണ്ടാക്കാനുള്ള മത്സരമാണ് വടകരയിൽ കണ്ടത്.
കാഫിർപ്രയോഗം സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ചെറിയ ആളുകളല്ല. നമ്മുടെ ആരോഗ്യമന്ത്രി തന്നെ അക്കാര്യം പരസ്യമായി പറഞ്ഞു കഴിഞ്ഞു. കാഫിർ പ്രയോഗം നടത്തിയത് ശരിയായില്ലെന്ന് കെ.കെ ശൈലജ തന്നെ പറഞ്ഞു. സ്വന്തം പാർട്ടിക്കാരിയും, മുൻ എംഎൽഎയും, സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭാര്യയുമാണ് അത് ചെയ്തത്. കെകെ ലതികയ്‌ക്ക് എതിരെയും കാഫിർ പ്രയോഗം നടത്തിയ മറ്റ് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും സിപിഎം ഇനി എന്ത് നടപടിയാണ് എടുക്കയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.
വിഷയം അന്വേഷിച്ച ഉദ്യോഗസ്ഥനെ പോലും സ്ഥലം മാറ്റി. സംസ്ഥാന സർക്കാരിന്റെ ആത്മാർത്ഥതയാണ് ഇവിടെ തെളിഞ്ഞിരിക്കുന്നത്. കാഫിർ പ്രയോഗം നടത്തി വർഗീയ പ്രചാരണത്തിന് നേതൃത്വം നൽകിയ പാർട്ടിക്കാർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.”- സുരേന്ദ്രൻ പറഞ്ഞു.