തൃശൂർ: ഇരിങ്ങാലക്കുട ആര്‍. ഡി. ഒ. ഓഫീസിലെ കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ ജപ്തി ചെയ്ത് കോടതി. വാഹനപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണമടഞ്ഞ സംഭവത്തില്‍ നഷ്ടപരിഹാര തുകയുടെ ബാക്കി സംഖ്യ നല്‍കാത്തതിനെ തുടര്‍ന്നാണ് ഇരിങ്ങാലക്കുട സബ് കോടതിയുടെ നടപടി.
ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി ഇരിങ്ങാലക്കുട കോമ്പാറ ഭാഗത്തു വച്ച് അപകടത്തിൽപ്പെട്ടിരുന്നു. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഡോ. ജവഹർ റോഡിലെ കുഴിയില്‍ വീഴുകയും ഗുരുതരമായി പരിക്കേറ്റ് മരിക്കുകയും ചെയ്തു. 1997 ജൂലൈ നാലിനായിരുന്നു സംഭവം. തുടര്‍ന്ന് 2000 ജൂലൈ ആറിനാണ് ജവഹറിന്റെ ഭാര്യ ഡോ. ഉഷ ജവഹര്‍, മക്കളായ ഡോ രാഹുല്‍, ഗോകുല്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിന്റെയും, പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിന്റെയും അനാസ്ഥയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സബ് കോടതി മുന്‍പാകെ ഹര്‍ജി നല്‍കുന്നത്
നഷ്ടപരിഹാരം അനുവദിച്ച് 2004 ഏപ്രില്‍ ഏഴിന് ഇരിങ്ങാലക്കുട സബ് കോടതിയുടെ വിധി വന്നു. എന്നാല്‍ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കിയെങ്കിലും നഷ്ടപരിഹാര തുക വര്‍ധിപ്പിച്ച് അതുവരെയുള്ള പലിശ സഹിതം 8,93,057 രൂപ നല്‍കാന്‍ ഹൈക്കോടതി 2022 ഡിസംബര്‍ 12ന് ഉത്തരവിടുകയായിരുന്നു.
നഷ്ടപരിഹാര തുകയില്‍ 8,53,056 രൂപ കോടതിയില്‍ കെട്ടിവച്ചു. ബാക്കി നല്‍കേണ്ട 40,001 രൂപ നല്‍കാതിരുന്നതിനെ തുടര്‍ന്ന് നല്‍കിയ ഹര്‍ജിയിലാണ് ആര്‍.ഡി.ഒ. ഓഫീസിലെ 20 കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ ജപ്തി ചെയ്യാന്‍ ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് കോടതി ജഡ്ജി ആര്‍.കെ. രമ ഉത്തരവിട്ടത്. ഉത്തരവിനെ തുടര്‍ന്ന് ആര്‍. ഡി. ഒ. ഓഫീസിലെ നാല് കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ ജപ്തി ചെയ്ത് കോടതിയിലേക്ക് മാറ്റി.