ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ആധുനിക സ്വാതന്ത്ര്യ സമരസേനാനിയോടുപമിച്ച ആം ആദ്മി മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ബിജെപി പ്രസിഡൻറ് വീരേന്ദ്ര സച്ച്‌ദേവ. ഡൽഹി ആഭ്യന്തര മന്ത്രി കൈലാഷ് ഗെഹ്‌ലോട്ടിന്റെ പ്രസംഗം തികച്ചും രാഷ്‌ട്രീയ പ്രേരിതമാണെന്നും ജനാധ്യപത്യത്തെയും ഭരണഘടനയെയും അപ്പാടെ അവഗണിച്ചുകൊണ്ടുള്ളതാണെന്നും വീരേന്ദ്ര ആരോപിച്ചു. കെജ്‌രിവാളിനെ മുഗൾ ഭരണാധികാരി നാദിർഷാ യുമായി താരതമ്യം ചെയ്യുന്നതാണ് കൂടുതൽ ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യദിന പ്രസംഗം ആം ആദ്മി നേതാക്കളെ പ്രശംസിക്കാൻ വേണ്ടിയുള്ള ഡൽഹി സർക്കാരിന്റെ ചടങ്ങായാണ് തോന്നിയതെന്നും ബിജെപി പ്രസിഡന്റ് വിമർശിച്ചു. തന്റെ പ്രസംഗത്തിലുടനീളം ഗെഹ്‌ലോട്ട് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും പേരെടുത്ത് പറയുകയും പ്രശംസിക്കുകയും ചെയ്തിരുന്നു. കെജ്‌രിവാളിനെ സ്വാതന്ത്ര്യ സമരസേനാനികളോട് ഉപമിച്ച ഗെഹ്‌ലോട്ടിന്റെ വാക്കുകൾ രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളെയും അവരുടെ കുടുംബങ്ങളുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. ഡൽഹിയിലെ ജനങ്ങൾ ഗെഹ്‌ലോട്ടിന് മാപ്പുനൽകില്ലെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു.
ഡൽഹിയിൽ സ്വാതന്ത്ര്യദിന ചടങ്ങുകളിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ആഭ്യന്തര മന്ത്രി കൈലാഷ് ഗെഹ്‌ലോട്ടിന്റെ വിവാദ പരാമർശം. “രാജ്യത്തിന്റെ ധീരപുത്രന്മാർ പലരും തങ്ങളുടെ ജീവൻ പണയപ്പെടുത്തി നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നു. എന്നാൽ ഇന്ന്, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ജയിലിലായതിനാൽ അദ്ദേഹത്തിനുപകരം എനിക്കിവിടെ നിൽക്കേണ്ടിവന്നു. അതിൽ എന്റെ മനസ്സ് വേദനിക്കുകയാണ്. അരവിന്ദ് കെജ്‌രിവാൾ ഒരു ആധുനിക സ്വാതന്ത്ര്യ സമര സേനാനിയാണ്,”അദ്ദേഹംപറഞ്ഞു.