ന്യൂഡൽഹി: രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനാഘോഷവേളയിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കശ്മീരിലേക്ക് പാകിസ്താൻ വിദേശ ഭീകരരെ അയക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ലഫ്റ്റനന്റ് ഗവർണറുടെ വിമർശനം.
“സ്വന്തം രാജ്യത്തെ പൗരന്മാർക്ക് രണ്ട് നേരം ഭക്ഷണമോ അടിസ്ഥാന ആവശ്യങ്ങളോ പോലും നിറവേറ്റാൻ കഴിയാത്ത ഒരു രാജ്യം നമ്മുടെ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും സമാധാനം തകർക്കാനും വിദേശ ഭീകരരെ ഇവിടേക്ക് അയക്കുന്നു” മനോജ് സിൻഹ പറഞ്ഞു.
തീവ്രവാദ സംഘടനകളുടെ തുടർച്ചയായ പതനങ്ങൾക്കാണ് കശ്മീർ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഭീകര സംഘടനയുടെയും ഉന്നത നേതൃത്വം ഇവിടെ പ്രവർത്തിക്കുന്നില്ല. സമരങ്ങളും കല്ലേറുകളും ചരിത്രത്തിന്റെ താളുകളിലേക്ക് ഒതുങ്ങി, അദ്ദേഹം പറഞ്ഞു. ഭീകര സംഘടനകളിലേക്ക് സാധാരണക്കാരായ പ്രാദേശികരുടെ റിക്രൂട്ട്മെന്റ് നടക്കാത്തതും ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെട്ടതും പാകിസ്താനെ കടുത്ത നിരാശയിലാക്കിയിരിക്കുകയാണെന്ന് മനോജ് സിൻഹ പറഞ്ഞു.
സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു ലെഫ്റ്റനന്റ് ഗവർണർ ഭീകരതയ്‌ക്കെതിരെയും പാകിസ്താനെതിരെയും വിമർശനമുന്നയിച്ചത്. അടുത്തിടെ കശ്മീരിലെ പൂഞ്ച്, ദോഡ, രജൗരി മേഖലകളിൽ നടന്ന ഭീകരാക്രമണങ്ങളിൽ വിദേശ നിർമ്മിത ആയുധങ്ങൾ ഉപയോഗിച്ചതായും വിദേശ ഭീകരർ ഉൾപ്പെട്ടിട്ടുള്ളതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.















